അഗളി: അട്ടപ്പാടിയിൽ പുറമേ നിന്നും വിനോദ സഞ്ചാരത്തിനെത്തുന്നവർ ശിരുവാണി, ഭവാനി പുഴകളിലും പുഴയോരങ്ങളിലും വ്യാപകമായി മാലിന്യം തള്ളുന്നതായി ആക്ഷേപം. പ്രദേശവാസികൾ കുടിക്കാൻ ഉപയോഗിക്കുന്ന പുഴവെള്ളത്തിൽ മാലിന്യം തള്ളുന്നതും മലമൂത്ര വിസർജനം നടത്തുന്നതും വൻ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
നിരവധി കുടിവെള്ള പദ്ധതികളാണ് ഇരുപുഴകളെയും ആശ്രയിച്ചുള്ളത്. ശിരുവാണി പുഴയിൽ കോട്ടത്തറ, അഗളി, നെല്ലിപ്പതി, മൂഞ്ചിക്കടവ്, ചിറ്റൂർ എന്നിവിടങ്ങളിലും ഭവാനി പുഴയിലെ തടയണകളിലുമാണ് സഞ്ചാരികൾ പ്രധാനമായും കുളിക്കാനിറങ്ങുന്നത്. ഈ പ്രദേശത്തെല്ലാം തന്നെ നിരവധി കുടിവെള്ള പദ്ധതികളുണ്ട്.
പുഴയിൽനിന്നുള്ള വെള്ളമാണ് ഈ പദ്ധതികൾ ഉപയോഗപ്പെടുത്തുന്നതെന്നതിനാൽ മാലിന്യം പുഴയിലെത്തുന്നത് പകർച്ചവ്യാധികൾ വ്യാപിക്കാൻ ഇടയാക്കും. സഞ്ചാരികൾ പുഴ മലിനപ്പെടുത്തുന്നത് തടയുന്നതിന് പഞ്ചായത്തുകളുടെ ഭാഗത്തുനിന്ന് നടപടിയൊന്നും ഉണ്ടായിട്ടില്ല.
ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് തമിഴ്നാട്ടിൽനിന്ന് മാത്രം അട്ടപ്പാടിയിലെത്തുന്നത്. കടവുകളിൽ ബോർഡുകൾ സ്ഥാപിക്കാനും ശൗചാലയങ്ങൾ നിർമിക്കാനും മാലിന്യം ശേഖരിക്കാനും പഞ്ചായത്തുകളുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.