അഗളി: അട്ടപ്പാടിയിൽ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു. താവളംമുള്ളി റോഡിൽ വേലമ്പടികയിലാണ് സംഭവം. വ്യാഴാഴ്ച രാത്രി 12ഓടെ വൈക്കോൽ കയറ്റി വന്ന ലോറിക്കാണ് തീ പിടിച്ചത് .
ആറുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. തീ ആളിക്കത്തിയതോടെ ഡ്രൈവർ വാഹനം നിർത്തി പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. പുതൂർ മഞ്ചിക്കണ്ടി ഭാഗത്ത് ആനയെ തുരത്തി സ്റ്റേഷനിലേക്ക് തിരികെ പോകുകയായിരുന്ന വനം വകുപ്പിന്റെ പുതൂർ സെക്ഷൻ ദ്രുതകർമസേന സ്ഥലത്തെത്തി അടിയന്തര നടപടി സ്വീകരിക്കുകയായിരുന്നു. ആർ.ആർ.ടി സംഘത്തിലൊരാൾ ലോറിയുടെ ഡ്രൈവിങ് സീറ്റിലേക്ക് പാഞ്ഞുകയറി നിയന്ത്രണം ഏറ്റെടുത്തു. തുടർന്ന് മറ്റുള്ളവരെ ദ്രുതകർമസേന രക്ഷപെടുത്തി. വണ്ടിയുടെ പിൻഭാഗം ഉയർത്തി വണ്ടി മുന്നോട്ടുചലിപ്പിച്ചു. ആർ.ആർ.ടി സംഘത്തിന്റെ വാഹനത്തിലുണ്ടായിരുന്ന വടി ഉപയോഗപ്പെടുത്തി വൈക്കോൽ കെട്ടുകൾ ബന്ധിച്ച കയറുകൾ അറുത്തു.
തുടർന്ന് കെട്ടുകൾ വണ്ടിയിൽനിന്ന് റോഡിലേക്ക് തള്ളിയിട്ടു. പുറമേനിന്ന് വെള്ളം കയറ്റിയ വാഹനമെത്തിച്ചാണ് തീ പൂർണമായും അണച്ചത്. അഗ്നിബാധയുടെ കാരണം വ്യക്തമല്ല. ചീരക്കടവിലെ സ്വകാര്യ പശുവളർത്തൽ കേന്ദ്രത്തിലേക്ക് വൈക്കോലുമായി പോകുകയായിരുന്നു വാഹനം. ദ്രുതകർമസേനയിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർ പ്രസാദ്, അംഗങ്ങളായ സതീഷ്, ഉണ്ണിക്കൃഷ്ണൻ, മാരിയപ്പൻ, പഴനി, മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാദൗത്യം പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.