അഗളി: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ അട്ടപ്പാടിയിൽ മുൻസിഫ് മജിസ്ട്രേറ്റ് കോടതി യാഥാർഥ്യമാകുന്നു. ഡിസംബർ ആദ്യവാരം കോടതി പ്രവർത്തനക്ഷമമാകും. നിലവിൽ കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് അട്ടപ്പാടി നിവാസികൾക്ക് 50 കിലോമീറ്ററിലധികം സഞ്ചരിച്ച് മണ്ണാർക്കാട് എത്തേണ്ടതുണ്ട്. വിവിധ പ്രതിസന്ധികളെത്തുടർന്ന് 15 വർഷത്തിലധികമായി നടപടികൾക്ക് വേണ്ടത്ര വേഗം ഉണ്ടായിരുന്നില്ല. വി.എസ്. അച്യുതാനന്ദന്റെ ഭരണകാലത്ത് കോടതിക്കായി 22 തസ്തികകൾ അനുവദിക്കപ്പെട്ടിരുന്നു. പിന്നീട് കെട്ടിടം ലഭ്യമാകുന്ന കാര്യത്തിൽ കാലതാമസമുണ്ടായി.
ഇറിഗേഷൻ വകുപ്പിന് കീഴിലെ അഗളിയിലെ ഇൻസ്പെക്ഷൻ ബംഗ്ലാവാണ് ആദ്യം കോടതിക്കായി കണ്ടെത്തിയത്. എന്നാൽ, സുരക്ഷ കാരണങ്ങളാൽ അത് ഒഴിവാക്കേണ്ടി വന്നു. അട്ടപ്പാടിയിൽ മിനി സിവിൽ സ്റ്റേഷൻ വന്നതോടെ ഐ.ടി.ഡി.പി ഓഫിസ് അതിലേക്ക് മാറിയതിനെ തുടർന്നാണ് അഗളിയിൽ ഇപ്പോൾ കോടതിക്കായി കെട്ടിടം ലഭ്യമായത്. ആറു മാസത്തിനുള്ളിൽ പ്രവർത്തനമാരംഭിക്കണമെന്ന് ജില്ല കോടതിയുടെ നിർദേശമുണ്ടായിട്ട് രണ്ടു വർഷം കഴിഞ്ഞു. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തും ഐ.ടി.ഡി.പിയും തമ്മിൽ തർക്കമുണ്ടായതോടെയാണ് കാര്യങ്ങൾ വീണ്ടും വൈകിയത്. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾക്ക് വേണ്ടത്ര ഫണ്ട് ഇല്ലാതെ വന്നതും പ്രശ്നമായി. മുൻസിഫ് മജിസ്ട്രേറ്റ് കോടതിയാണ് നിലവിൽ അനുവദിക്കപ്പെട്ടത്. അട്രോസിറ്റി വകുപ്പ് ചേർത്ത കേസുകൾക്ക് മണ്ണാർക്കാട്ടെ സ്പെഷൽ കോടതിയെ തന്നെ ഇനിയും ആശ്രയിക്കേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.