ആനക്കര: മഹാത്മ ഗാന്ധിയുടെ ജ്വലിക്കുന്ന ഓർമകളുമായി ആനക്കര ഗ്രാമീണ വായനശാല. സ്വാതന്ത്ര്യ സമര വീര്യം നിലകൊള്ളുന്ന ആനക്കര വടക്കത്ത് തറവാടിന്റെ മണ്ണിലാണ് അറിവിന്റെ പരിശീലനക്കളരിയായി വായനശാലയുള്ളത്. അക്കാലത്ത് ആശയ പ്രചാരണത്തിനായി ഉപയോഗിച്ചിരുന്ന ഗാന്ധിജിയുടെ ഹരിജന്‍ ആഴ്ചപ്പതിപ്പിന്റെ വളരെ പഴയ അപൂർവ കോപ്പികള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. 1937 ജനുവരി 23ന്റെ പതിപ്പ് മുതല്‍ ഇവിടെയുണ്ട്.
1940 മേയ് ഒമ്പതിന് ഇന്ത്യന്‍ ഭരണഘടന ശിൽപികളില് ഒരാളായ അമ്മു സ്വാമിനാഥന്റെ അമ്മ അമ്മു അമ്മയാല്‍ തുറക്കപ്പെട്ട വായനശാല ഇന്ന് 80 വര്‍ഷം പിന്നിടുകയാണ്. ആനക്കരയുടെ ചരിത്രവും ഗ്രന്ഥശാലയുടെ വളര്‍ച്ചയും പരസ്പര പൂരകമാണ്.
പഴയ മദിരാശി പ്രവിശ്യയുടെ ഭാഗമായി മലബാറില്‍ നിലവില്‍വന്ന ലോക്കല്‍ ലൈബ്രറി അതോറിറ്റിയുടെ നിയമമനുസരിച്ചാണ് ഗ്രന്ഥശാല രൂപംകൊണ്ടത്. ഗ്രന്ഥശാലയുടെ ആവശ്യത്തിനു മാത്രമായിട്ടാണ് ആനക്കര വടക്കത്ത് തറവാട്ടില്‍ നിന്ന് സ്ഥലം അനുവദിച്ചത്. സംസ്ഥാനത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന അപൂര്‍വ ഗ്രന്ഥങ്ങളടങ്ങിയ പുസ്തക ശേഖരം ഇവിടെയുണ്ട്. ജില്ലയിലെ പുരാവസ്തു / അപൂര്‍വ ഗ്രന്ഥശേഖരകേന്ദ്രമായി വളര്‍ത്താന്‍ അനുയോജ്യമായ ഗ്രന്ഥശാലയാണിത്.
കുട്ടിമാളു അമ്മ, എ.വി. ഗോപാല മേനോന് തുടങ്ങിയ സ്വാതന്ത്ര്യ സമര യോദ്ധക്കാള് കൈയൊപ്പ് ചാര്‍ത്തിയവ അടക്കം 15000 ത്തോളം പുസ്തകങ്ങള്‍ ഇവിടെയുണ്ട്. അര അണയുടെ പുസ്തകം മുതല്‍ കുട്ടികൃഷ്ണ മേനോന്റെ ‘എന്റ ജപ്പാന് യാത്രാവിവരണം’, ആനക്കര വടക്കത്ത് തറവാട്ടിലുള്ളവര് വിവിധ രാജ്യങ്ങളില്‍നിന്ന് കൊണ്ടുവന്ന ഇംഗ്ലീഷ് പുസ്തകങ്ങള്‍, പഴയകാലത്തെ പ്രമുഖ എഴുത്തുകാരുടെ കൃതികള്‍ മുതൽ പുതിയ പുസ്തകങ്ങള്‍ വരെ ഇവിടെയുണ്ട്.
പി.എന്‍. രാധാകൃഷ്ണനാണ് ലൈബ്രറേറിയന്‍. കെ.പി. പ്രജീഷ് (പ്രസി.), സി. ഗോപി (സെക്ര.), എ.വി. ബാബു യൂസഫലി (ജോ. സെക്ര.), ടി. വേണു മാഷ് (വൈസ് പ്രസി.), പട്ടാമ്പി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗങ്ങളായ പി.വി. സേതുമാധവന്, എ.വി. ഹംസത്തലി എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് വായനശാല പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.