ചെർപ്പുളശ്ശേരി (പാലക്കാട്): സമൂഹമാധ്യമം വഴി ചികിത്സ സഹായം ആവശ്യപ്പെട്ട് സുഹൃത്തിൽനിന്ന് 35 ലക്ഷം രൂപ തട്ടിയ പരാതിയിൽ യുവാവിനെയും യുവതിയെയും അറസ്റ്റ് ചെയ്തു. മലപ്പുറം എടക്കര മുസ്ലിയാരങ്ങാടി ചെറിയടം വീട്ടിൽ മൻസൂർ (34), അങ്കമാലി മങ്ങാട് വീട്ടിൽ ദിവ്യബാബു (24) എന്നിവരെയാണ് ചെർപ്പുളശ്ശേരി പൊലീസ് പിടികൂടിയത്.
പൊലീസ് പറയുന്നത്: ദിവ്യയുടെ സഹോദരിക്ക് അർബുദമാെണന്നും ചികിത്സക്ക് പൈസ ആവശ്യമുണ്ടെന്നുമുള്ള സന്ദേശത്തെ തുടർന്ന് മഞ്ചേരി സ്വദേശി മുജീബിൽനിന്ന് ഒന്നര വർഷത്തിനിടെ 35 ലക്ഷത്തോളം രൂപ ദിവ്യയുടെ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തു.
സഹോദരി മരണപ്പെട്ടു എന്നറിയിച്ച് സംസ്കാരത്തിനുപോലും പൈസ കൈമാറിയിട്ടുണ്ട്. മുജീബിന് സംശയം തോന്നിയതിനെ തുടർന്ന് കൈമാറാൻ പറഞ്ഞ ഒരു അക്കൗണ്ട് ഉടമയുടെ അന്വേഷണത്തിലാണ് ഇവർ ചെർപ്പുളശ്ശേരിക്ക് സമീപത്ത് താമസിക്കുന്നവരാെണന്ന് മനസ്സിലായത്.
തട്ടിപ്പിന് ഇരയായതാെണന്ന് ബോധ്യപ്പെട്ടതോടെ പൊലീസിൽ പരാതി നൽകി. മൻസൂറും ദിവ്യബാബുവും രണ്ടര വർഷമായി നെല്ലായ പേങ്ങാട്ടിരി അംബേദ്ക്കർ കോളനിയിലെ വാടക വീട്ടിലാണ് താമസം. ഇവർക്ക് രണ്ടര വയസ്സുള്ള മകനുണ്ട്. ഇരുവരും പെരുമ്പാവൂരിലെ തുണി കടയിൽ ഒന്നിച്ച് അഞ്ച് വർഷത്തോളം ജോലി ചെയ്തിട്ടുണ്ട്. അങ്കമാലിയുള്ള ബാങ്ക് അക്കൗണ്ട് നമ്പർ ഉപയോഗിച്ചാണ് കുറെ തട്ടിപ്പുകൾ നടത്തിയിട്ടുള്ളത്. വിശദമായ അന്വേഷണത്തിലേ മുഴുവൻ വിവരങ്ങളും വ്യക്തമാകൂ.
മൻസൂറിെൻറ പേരിൽ എടക്കര, നിലമ്പൂർ എന്നിവിടങ്ങളിൽ സമാന രിതിയിലുള്ള തട്ടിപ്പ് കേസിൽ പിടികിട്ടാപ്പുള്ളിയാണ്. ഏതാണ്ട് അരകോടിയോളം രൂപ ഇപ്രകാരം തട്ടിപ്പിലൂടെ സമ്പാദിച്ചതായി പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ എം. സുജിത്ത്, സബ് ഇൻസ്പെക്ടർമാരായ കെ. സുഹൈൽ, സി.ടി. ബാബുരാജ് എന്നിവർ കേസ് അന്വേഷണത്തിന് നേതൃത്വം നൽകി. പ്രതികളെ ഒറ്റപ്പാലം കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.