ചെർപ്പുളശ്ശേരി: ‘അനുവാദം ചോദിക്കാതെ തന്നെ കസേരയിൽ ഇരിക്കേണ്ടതാണ്, ഞാനും നിങ്ങളിൽ ഒരാളാണ്’ -ചെർപ്പുളശ്ശേരി കച്ചേരിക്കുന്നിലുള്ള വില്ലേജ് ഓഫിസിലെ ഓഫിസറുടെ ചുവരിൽ ഒട്ടിച്ച അറിയിപ്പിലെ വാചകങ്ങളാണിവ. വില്ലേജ് ഓഫിസർ ആർ. പ്രവീൺ എഴുതിവെച്ച വാചകങ്ങളാണിത്. മറ്റു ഓഫിസുകളിൽനിന്ന് വ്യത്യസ്തമായ അനുഭവമാണ് സേവനം തേടി എത്തുന്നവർക്ക് ഇവിടെ ലഭിക്കുന്നത്. പല ഓഫിസുകളിലും വിവിധ ആവശ്യങ്ങളുമായി എത്തുന്നവർക്ക് പലപ്പോഴും അവഗണനയാണ് ലഭിക്കാറ്. കൂടാതെ ഏറെസമയം കാത്തുനിൽക്കേണ്ടിയും വരും.
പലപ്പോഴും ആവശ്യങ്ങൾ ഇരുന്ന് പറയാൻ ഇരിപ്പിടം പോലും കിട്ടാറില്ല. ഇതിന് വിപരീതമായാണ് ചെർപ്പുളശ്ശേരിയിലെ ഓഫിസിലെത്തിയാൽ ഈ അറിയിപ്പ് ബോർഡ് ആശ്വാസകരമാകുന്നത്. താൻ കൂടുതലൊന്നും ചെയ്തിട്ടില്ലന്നും ജനങ്ങളുടെ അവകാശത്തെക്കുറിച്ച് ബോധവത്കരിക്കുകയും പരമാവധി ജനങ്ങളുടെ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കും പരിഗണന നൽകുകയും മാത്രമേ ചെയ്തിട്ടുള്ളൂ എന്നും പ്രവീൺ പറഞ്ഞു. തിരുവനന്തപുരം നേമം സ്വദേശിയായ ഇദ്ദേഹം രണ്ട് വർഷം മുമ്പാണ് പ്രമോഷൻ ലഭിച്ച് ചളവറ വില്ലേജ് ഓഫിസിൽ എത്തിയത്. ഈയിടെയാണ് ചെർപ്പുളശ്ശേരിയിലേക്ക് സ്ഥലം മാറ്റം ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.