ചെർപ്പുളശ്ശേരി: സൗരയൂഥത്തില്‍ സൂര്യനെ ചുറ്റുന്ന ഛിന്നഗ്രഹങ്ങളില്‍ ഒരെണ്ണം ഇനി മലയാളി ജ്യോതി ശാസ്ത്രജ്ഞന് ഡോ. അശ്വിന് ശേഖറിന്റെ പേരില്‍ അറിയപ്പെടും. അന്താരാഷ്ട്ര അസ്ട്രോണമിക്കല്‍ യൂനിയനാണ് (ഐ.എ.യു) ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതോടെ ചിന്നഗ്രഹങ്ങൾക്ക് പേര് ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് അശ്വിൻ. ആധുനിക ഇന്ത്യൻ ജ്യോതി ശാസ്ത്രത്തിന്റെ പിതാവായ തലശ്ശേരിക്കാരൻ വൈനു ബാപ്പുവിന്റെ പേരിലാണ് ഒന്നാമത്തേത് 1949ൽ ഐ.എ.യു പ്രഖ്യാപിച്ചത്. ഐ.എ.യുവിന്റെ ആദ്യ ഇന്ത്യൻ പ്രസിഡന്റായിരുന്നു വൈനു ബാപ്പു. ഇന്ത്യയിലെ ലോകപ്രശസ്ത ശാസ്ത്രജ്ഞരായ രാമാനുജൻ, സി.വി. രാമൻ, സുബ്രഹ്മണ്യചന്ദ്രശേഖർ, വിക്രം സാരാഭായ് എന്നിവരുടെ പേരുകളിലും ചിന്നഗ്രഹങ്ങളുണ്ട്.
ചേര്‍പ്പുളശ്ശേരിക്കടുത്ത് നെല്ലായ വാരിയത്തെ അംഗമാണ് അശ്വിൻ. ‘ഇന്ത്യയില്‍ നിന്നുള്ള ആദ്യ പ്രഫഷനല്‍ ഉല്‍ക്കാശാസ്ത്രജ്ഞന്‍’ എന്നാണ് അസ്ട്രോണമിക്കല്‍ യൂനിയന്‍ ഈ യുവ ശാസ്ത്രജ്ഞനെ പരിചയപ്പെടുത്തുന്നത്. 2000 ജൂണില്‍ കണ്ടെത്തിയ നാലര കിലോമീറ്റര്‍ വ്യാസമുള്ള മൈനര്‍ പ്ലാനറ്റ് അഥവാ ഛിന്നഗ്രഹം ഇനി ‘(33928) അശ്വിന്‍ശേഖര്‍’ എന്നറിയപ്പെടും. യു.എസില്‍ അരിസോണയിലെ ഫ്ലാഗ്സ്റ്റാഫില്‍ പ്രവര്‍ത്തിക്കുന്ന ലോവല്‍ ഒബ്സര്‍വേറ്ററി ആദ്യം നിരീക്ഷിച്ച ‘2000 എല്‍.ജെ 27’ എന്ന ഛിന്നഗ്രഹത്തിനാണ് അശ്വിന്റെ പേരിട്ടത്. സൗരയൂഥത്തില്‍ ചൊവ്വ ഗ്രഹത്തിനും വ്യാഴത്തിനുമിടക്ക് കാണുന്ന ഛിന്നഗ്രഹ ബെല്റ്റില്നിന്നുള്ള ഈ ആകാശഗോളത്തിന് ഒരു തവണ സൂര്യനെ ചുറ്റാന്‍ 4.19 വര്‍ഷം വേണം. അശ്വിന്റെ പേരിട്ട ഛിന്നഗ്രഹത്തിന്റെ വിവരങ്ങള്‍ നാസയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ചെർപ്പുളശ്ശേരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽനിന്ന് 2002ൽ എസ്.എസ്.എൽ.സി പൂർത്തിയാക്കിയശേഷം എറണാകുളം ഭവൻസ്, കേരള സർവകലാശാല, വെല്ലൂർ ഇൻസ്റ്റിറ്റ്യൂറ്റ്, ക്രൈസ്റ്റ് കോളജ് ബംഗളൂരു എന്നിവിടങ്ങളിൽനിന്ന് ഭൗതിക ശാസ്ത്രത്തിലുള്ള പഠന ശേഷം ലണ്ടൻ ക്വീൻസ് സർവകലാശാലയിൽനിന്ന് ഗവേഷണ ബിരുദവും 2018ൽ നോർവേയിൽനിന്ന് പോസ്റ്റ് ഡോക്ടറൽ ബിരുദവും നേടിയിട്ടുണ്ട് ഈ മുപ്പത്തിയെട്ടുകാരൻ.
പാരീസ് ഒബ്സർവേറ്ററിയുടെ ഉൽക്കാപഠന സംഘാംഗമായി പ്രവർത്തിക്കുന്നു. ലണ്ടൻ ആസ്ട്രാമിക്കൽ സൊസൈറ്റിയുടെ തിരഞ്ഞെടുക്കപ്പെട്ട ഫെലോയാണ്. ഐ.എ.യുവിന്റെ പൂർണ വോട്ടവകാശമുള്ള അംഗ കൂടിയാണ്. നെല്ലായയിലെ ശേഖർ സേതുമാധവന്റെയും അനിതയുടെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.