ചെർപ്പുളശ്ശേരി: ചെർപ്പുളശ്ശേരി അയ്യപ്പൻകാവിന് സമീപമുള്ള കൃഷ്ണ മോട്ടോഴ്സ് ആൻഡ് അസോസിയേറ്റ്സ് എന്ന ടയർ വിൽപന കടയുടെ ഷട്ടറിെൻറ പൂട്ടുപൊളിച്ച് ഒന്നരലക്ഷം രൂപ മോഷണം നടത്തിയ പ്രതി പിടിയിലായി. പശ്ചിമബംഗാൾ മിഡ്നാപൂർ സ്വദേശി ജുൽമത്ത് സാഹയെയാണ് (31) ചെർപ്പുളശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
2020 ഫെബ്രുവരി എട്ടിനാണ് കേസിനാസ്പദമായ സംഭവം. സ്ഥലത്തുനിന്ന് ലഭിച്ച വിരലടയാളത്തിെൻറ അടിസ്ഥാനത്തിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. 2018ൽ കാസർകോട് ഇലക്ട്രോണിക്സ് കടയുടെ പൂട്ടുപൊളിച്ച് അകത്തു കയറി രണ്ടര ലക്ഷം രൂപയും 16 മൊബൈൽ ഫോണുകളും മോഷണം നടത്തിയ കേസിൽ ഹോസ്ദുർഗ് പൊലീസ് മുമ്പ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ഒരുവർഷം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. ജയിലിൽനിന്ന് ഇറങ്ങിയ ശേഷമാണ് ചെർപ്പുളശ്ശേരിയിലെ മോഷണം നടത്തിയത്. ഇതിനു ശേഷം ഇയാൾ സ്വദേശത്തേക്ക് പോയി. 20 ദിവസം മുമ്പ് കേരളത്തിൽ തിരിച്ചെത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് കണ്ണൂർ, -കാസർകോട് ഭാഗങ്ങളിൽ പൊലീസ് അന്വേഷണം നടത്തിവരവെയാണ് ചെർപ്പുളശ്ശേരിയിൽ ഉണ്ടെന്ന വിവരം ലഭിച്ചത്. മഠത്തിപ്പറമ്പിൽ െവച്ചാണ് ശനിയാഴ്ച രാത്രി പ്രതിയെ അറസ്റ്റ് ചെയ്തത്.
പാലക്കാട് വിരലടയാള വിദഗ്ധൻ ആർ. രാജേഷ് കുമാറാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്. ചെർപ്പുളശ്ശേരി ഇൻസ്പെക്ടർ എം. സുജിത്തിെൻറ നേതൃത്വത്തിൽ എസ്.ഐ വി. അബ്ദുൽസലാം, ഗ്രേഡ് സി.പി.ഒ എം.സി. ഷാഫി, സി.പി.ഒ, കെ. സുജിത്ത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.