ചെർപ്പുളശ്ശേരി: വേനൽ കനത്തതോടെ ചെർപ്പുളശ്ശേരിയിലും പരിസര പ്രദേശമായ നെല്ലായ പഞ്ചായത്തിലും കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ നാട്ടുകാർ വാട്ടർ അതോറിറ്റി ഓഫിസ് ഉപരോധിച്ചു. ചെർപ്പുളശ്ശേരിയിലെ ഉയർന്ന സ്ഥലങ്ങളായ കച്ചേരിക്കുന്ന്, എൽ.ഐ.സി കുന്ന്, സലഫി നഗർ, മാണ്ടക്കരി തുടങ്ങിയ സ്ഥലങ്ങളിൽ കുടിവെള്ളം കിട്ടിയിട്ട് ആഴ്ചകളായതായി പ്രദേശവാസികൾ പരാതിപ്പെടുന്നു. മുണ്ടൂർ-തൂത സംസ്ഥാന പാതയിലെ റോഡ് പണി മൂലം പല ഭാഗങ്ങളിലും പൈപ്പുകൾ കേടുപാടുകൾ സംഭവിച്ചതിനാൽ വെള്ളം പാഴാകുന്നത് പതിവുകാഴ്ചയാണ്. വകുപ്പുകൾ തമ്മിൽ എകോപനമില്ലാത്തതാണ് നിലവിലെ ജലക്ഷാമത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
സ്ത്രീകളും കുട്ടികളും കുടവുമായാണ് ഉപരോധത്തിനെത്തിയത്. പിന്തുണയുമായി വാർഡ് കൗൺസിലർമാരും എത്തി. ഉദ്യോഗസ്ഥരിൽനിന്ന് രണ്ട് ദിവസം വാർഡുകളിൽ ജലവിതരണം ഉറപ്പാക്കിയാണ് ഉപരോധം അവസാനിപ്പിച്ചത്. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ വി.പി. സമീജ്, കൗൺസിലർമാരായ പി. അബ്ദുൽ ഗഫൂർ, ഷഹനാസ് ബാബു, സുഹ്റാബി എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി. നെല്ലായ കുലുക്കല്ലൂർ സമഗ്ര കുടിവെള്ള പദ്ധതിയുടെ ജല വിതരണം മുടങ്ങുന്നതായും പല പ്രദേശങ്ങളിലും ആഴ്ചയിലൊരിക്കൽ നാമമാത്രമായി മാത്രമേ വിതരണമുള്ളൂവെന്നും ഉപഭോക്താക്കൾ പരാതിപ്പെടുന്നു. ഓഫിസിൽ വിളിച്ച് പരാതിപെട്ടാലും കാര്യമില്ലെന്നാണ് ജനങ്ങളുടെ അഭിപ്രായം. നെല്ലായ വാർഡ് 13 കിഴക്കുംപറമ്പ് പ്രദേശം രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമാണ്. ഇവിടെ വാഹനത്തിൽ കുടിവെള്ളം എത്തിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
പല പ്രദേശങ്ങളിലും പൈപ്പുകൾ പൊട്ടി ജലം പാഴാകുന്നതും പതിവാണ്. അറ്റകുറ്റപണികൾക്ക് കാലതാമസം നേരിടുന്നത് മൂലം ഉയർന്ന സ്ഥലങ്ങളിൽ ജലം ലഭിക്കാത്ത സാഹചര്യമുണ്ട്. പേങ്ങാട്ടിരി താഴ്ന്ന പ്രദേശമായ ചെന്ദ്രത്തിൽ റോഡ് ജങ്ഷനിലെ പൈപ്പ് പൊട്ടിയത് ശരിയാക്കാൻ ആഴ്ചകൾ എടുത്തു. ഇത് മൂലം റോഡും തകർന്ന അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.