പാലക്കാട്: ജില്ല ആശുപത്രി ഇ-ഹെൽത്ത് സംവിധാനത്തിലേക്ക് മാറുന്നതിന്റെ മുന്നോടിയായി ഏകീകൃത തിരിച്ചറിയൽ കാർഡ് (യു.എച്ച്.ഐ.ഡി) മുഖേനയുള്ള ഒ.പി ടിക്കറ്റ് വിതരണം തിങ്കളാഴ്ച ആരംഭിച്ചു.
എന്നാൽ, ആദ്യദിനം തിരക്കിലും ചെറിയ സംഘർഷത്തിലേക്കും നീങ്ങി. പുലർച്ചെ മുതൽ വരിനിന്ന പലർക്കും ഉച്ചക്ക് 12 ആയിട്ടും ഒ.പി ടിക്കറ്റ് ലഭിക്കാത്തതാണ് വാക്കേറ്റത്തിനും ചെറിയ സംഘർഷത്തിനും വഴിവെച്ചത്. ഉച്ചക്ക് ഒന്നിനും ഒ.പി ടിക്കറ്റ് കൗണ്ടറിന് മുന്നിൽ നീണ്ട ക്യൂ ആയിരുന്നു.
യു.എച്ച്.ഐ.ഡി മുഖേനയുള്ള ഒ.പി ടിക്കറ്റ് വിതരണം ആദ്യ പ്രവൃത്തിദിനമായ തിങ്കളാഴ്ച ആരംഭിച്ചതിനാൽ ചെറിയ ബുദ്ധിമുട്ട് ഉണ്ടായെന്നും വരുംദിവസം കൂടുതൽ കൗണ്ടറുകൾ ആരംഭിച്ച് പ്രശ്നത്തിന് പരിഹാരം കാണുമെന്നും ആശുപത്രി സൂപ്രണ്ട് പി.കെ. ജയശ്രീ അറിയിച്ചു.
രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാൻ ഡോക്ടർമാരോട് കൂടുതൽ സമയം ഒ.പിയിൽ തുടരാൻ നിർദേശം നൽകിയതായും ടിക്കറ്റെടുത്ത എല്ലാവർക്കും ചികിത്സ ഉറപ്പുവരുത്താൻ നടപടി എടുത്തിട്ടുണ്ടെന്നും സൂപ്രണ്ട് അറിയിച്ചു. യു.എച്ച്.ഐ.ഡി സാർവത്രികമാകുന്നതോടെ റിസപ്ഷൻ, ഒ.പി ടിക്കറ്റ്, ബില്ല് അടക്കൽ എന്നിവയിലെ തിരക്ക് കുറയാനും ഭാവിയിൽ ഓൺലൈനായി ഒ.പി ടിക്കറ്റ് എടുക്കാനും സാധിക്കും. ജില്ലയിൽ നിലവിൽ 45 ആരോഗ്യ സ്ഥാപനങ്ങളിലാണ് ഇ-ഹെൽത്ത് സംവിധാനം നടപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.