പാലക്കാട്: തെക്കുപടിഞ്ഞാറൻ കാലവർഷം അവസാനിക്കാറായിട്ടും ജില്ലയിലെ കർഷകരുടെ മനസ്സിൽ ആശങ്കയുടെ കാർമേഘമാണ് ഇപ്പോഴും. ഒന്നാം വിള കാലവർഷത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. വിളയിറക്കിയവരും വിളയിറക്കാത്തവരുമായ കർഷകർ സജീവമാകാത്ത കാലവർഷത്തിൽ കടുത്ത ആശങ്കയിലാണ്. മണ്ണാർക്കാട്, അട്ടപ്പാടി ഒഴികെ 11 ബ്ലോക്കുകളിലായി ജില്ലയിൽ 35,000 ഹെക്ടറിലാണ് ഒന്നാംവിള നെൽകൃഷിയിറക്കുന്നത്.
ആഗസ്റ്റ് പകുതിയെത്തിയിട്ടും വയലുകൾ വിളയിറക്കാൻ കഴിയാതെ പലയിടത്തും കർഷകർ തരിശിട്ടിരിക്കുകയാണ്. കുഴൽമന്ദം, മലമ്പുഴ ബ്ലോക്കുകളിൽ മാത്രമാണ് താരതമ്യേന കൂടുതൽ വിളയിറക്കാൻ കഴിഞ്ഞത്. ശ്രികൃഷ്ണപുരം, ഷൊർണൂർ, തൃത്താല ബ്ലോക്കുകളിൽ കുറഞ്ഞ ഹെക്ടറിൽ മാത്രമാണ് വിളയിറക്കിയിട്ടുള്ളത്. വിളയിറക്കിയ കർഷകരും ആകെ ആശങ്കയിലാണ്. പാടശേഖരങ്ങളിൽ ഉയർന്ന കളശല്യമാണ്. വെള്ളം കെട്ടിനിർത്തി കള നശിപ്പിക്കാൻ കഴിയുന്നില്ല. വിളക്കൊപ്പം കളയും വളരുന്ന സ്ഥിതിയാണ്. ഇവ പറിച്ചുമാറ്റാൻ ശ്രമിച്ചാൽ പാതിക്ക് മുറിഞ്ഞ് വരുന്നു.
പാടശേഖരങ്ങളിൽ വെള്ളമില്ലാത്തതിനാൽ കള വേരോടെ പിഴുത് മാറ്റാൻ പറ്റുന്നില്ല. ഇതിനായി കൂടുതൽ തൊഴിലാളികളെ ഉപയോഗപ്പെടുത്തേണ്ടതിനാൽ ചെലവ് കൂടതലാണ്. യഥാസമയം വളപ്രയോഗത്തിനും കഴിയുന്നില്ല. പാടശേഖരങ്ങളിൽ വെള്ളത്തിന്റെ ലഭ്യതക്കനുസരിച്ച് വിളയിറക്കുന്നതിനാൽ വിളവെടുപ്പിനെയും ഇവ സാരമായി ബാധിക്കും. ഏകീകരിച്ച് വിളവടുപ്പ് നടത്താൻ കഴിയാത്തത് കൊയ്ത്തുയന്ത്രത്തിന്റെ സഞ്ചാരത്തെ ബാധിക്കും. മാത്രമല്ല നെൽചെടികളിലെ പരാഗണം, കീടശല്യം തുടങ്ങിയവയും കർഷകർ നേരിടുന്ന പ്രധാന പ്രശ്നമാണ്. ഇനിയും വിളയിറക്കാത്ത കർഷകർക്ക് മഴ കനിഞ്ഞാൽ പോലും മറ്റു രീതികൾ സ്വീകരിക്കേണ്ടിവരും. വിളയിറക്കിയ പലയിടത്തും വെള്ളം ലഭിക്കാതെ വയലുകൾ വിണ്ടുകീറാൻ തുടങ്ങി. ഡാമുകളിൽനിന്ന് ജലസേചനം നടത്തണമെന്ന് കർഷകർ മുറവിളി കൂട്ടുന്നുണ്ടെങ്കിലും ഇവിടെയും മതിയായ വെള്ളമില്ല. ഇതോടെ എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് ഭരണകൂടവും.
കാലാവസ്ഥാധിഷ്ഠിത കാർഷിക വിള പരിരക്ഷ ലഭിക്കുന്ന ഇൻഷുറൻസ് പദ്ധതി ഈ പ്രാവശ്യം രണ്ടര മാസം വൈകിയാണ് കേരളത്തിൽ നടപ്പാക്കുന്നത്. സാധാരണ ഗതിയിൽ ജൂൺ ഒന്നിന് തുടങ്ങി ജൂലൈ 31ന് അവസാനിക്കുന്ന വിധമാണ് ഖാരിഫ് സീസണിൽ കർഷകരെ ചേർക്കുക. എന്നാൽ, ഇത്തവണ ആഗസ്റ്റ് 16 മുതൽ 31 വരെയാണ് കർഷകർക്ക് പദ്ധതിയിൽ ചേരാനുള്ള സമയം. രണ്ടു മാസം കൊണ്ട് കർഷകരെ ചേർക്കുന്ന പദ്ധതിയിൽ 16 ദിവസം കൊണ്ട് കർഷകരെ മുഴുവൻ ചേർക്കണമെന്നത് പ്രതിസന്ധിയായേക്കും. ഖാരിഫ് സീസണിലേക്കാണ് കർഷകരെ ഇപ്പോൾ ചേർക്കുന്നത്. ഓരോ പഞ്ചായത്തിലും പാടശേഖര സമിതികൾ മുഖേന മുഴുവൻ കർഷകരെയും ചേർക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
ജില്ലയിലാണ് ഈ പദ്ധതിയിൽ കൂടുതൽ കർഷകർ ചേരുക. ജില്ലയിൽ മാത്രം 15,000ത്തോളം കർഷകർ കഴിഞ്ഞ വർഷങ്ങളിൽ ഈ ഇൻഷുറൻസ് പദ്ധതിയിൽ ചേർന്നതായി പറയുന്നു. ഇതുവരെ ഒട്ടേറെ കർഷകർക്ക് കൃഷിനാശം സംഭവിച്ചിട്ടുണ്ട്. ജൂണിലെ മഴക്കുറവും ജൂലൈയിലെ കുറച്ച് ദിവസങ്ങളിലെ കനത്ത മഴയും മൂലം കൃഷി നശിച്ച കർഷകർക്ക്, ഇൻഷുറൻസ് പദ്ധതി തുടങ്ങാൻ വൈകിയതുമൂലം പരിരക്ഷ ലഭിക്കില്ല.
ഏക്കറിന് 640 രൂപയാണ് ഇൻഷുറൻസ് തുക. 10-12 പഞ്ചായത്തുകൾക്കായി ഒരു വെതർ സ്റ്റേഷൻ ഉണ്ട്. ഇതിൽ വരുന്ന വ്യതിയാനമനുസരിച്ചാണ് ഇൻഷുറൻസ് തുക കണക്കാക്കുക. നാലു മാസത്തിനുള്ളിൽ വരുന്ന കാലാവസ്ഥ വ്യതിയാനം കണക്കാക്കും. പുതിയ ഇൻഷുറൻസ് പദ്ധതി പ്രധാൻമന്ത്രി ഫസൽ ഭീമ യോജന എന്ന പേരിലാണ് അറിയപ്പെടുന്നത്. മനുഷ്യനിർമിത ദുരന്തങ്ങൾക്ക് പരിരക്ഷ ലഭിക്കില്ല. പ്രകൃതി ദുരന്തം മൂലം ഉണ്ടാകുന്ന കൃഷിനാശത്തിന്റെ ചിത്രം ഫോണുകളിലെടുത്ത് അപ്ലോഡ് ചെയ്താൽ മതി. ഉടൻ തന്നെ പ്രശ്നം വിലയിരുത്തി നഷ്ടപരിഹാരം നൽകും. ബാങ്ക് അക്കൗണ്ടുകളിലേക്കാണ് ഇൻഷുറൻസ് തുക വരിക. നവംബർ പകുതി മുതൽ ഡിസംബർ 31 വരെയാണ് റാബി സീസണിലെ ഇൻഷുറൻസ് പദ്ധതിയിൽ കർഷകരെ ചേർക്കാനുള്ള സമയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.