മണ്ണാര്‍ക്കാട്: വന്യജീവി പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ വനപാലകരെ സഹായിക്കാന്‍ ഇനി നാട്ടിന്‍പുറങ്ങളില്‍ പ്രാഥമിക പ്രതികരണ സംഘവുമുണ്ടാകും. മനുഷ്യ-വന്യജീവി സംഘര്‍ഷ പ്രശ്നങ്ങളില്‍ സമയബന്ധിത ഇടപെടല്‍ ഉറപ്പുവരുത്താന്‍ മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷനില്‍ പ്രാഥമിക പ്രതികരണ സേന (പ്രൈമറി റെസ്പോണ്‍സ് ടീം-പി.ആര്.ടി) രൂപവത്കരണം തുടങ്ങി.
മണ്ണാര്‍ക്കാട് റേഞ്ച് ഓഫിസിന് കീഴില്‍ ഇതിനകം നാലിടങ്ങളില്‍ പി.ആര്.ടികളായി. മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള വനംവകുപ്പിന്റെ പുതിയ കർമപരിപാടിയുടെ ഭാഗമായാണ് നടപടി.
സംഘര്‍ഷ പ്രദേശങ്ങളില്‍ ഈ ടീമുകള്‍ അടിയന്തരമായി എത്തിച്ചേരുകയും പ്രശ്നപരിഹാരത്തിനാവശ്യമായ പ്രാഥമിക നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് വനംവകുപ്പ് വ്യക്തമാക്കി. വനാതിര്‍ത്തി പ്രദേശങ്ങളില്‍ വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങുന്ന സാഹചര്യങ്ങളില്‍ അവയെ പ്രതിരോധിച്ച് തിരികെ വനത്തിലേക്ക് കയറ്റി പൊതുജനങ്ങള്‍ക്ക് സുരക്ഷയൊരുക്കുക, അടിയന്തരഘട്ടങ്ങളില്‍ വനപാലകരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തദ്ദേശീയരായ സന്നദ്ധസേവകരുടെ സേനക്ക് രൂപം നല്‍കുന്നതും. ഇവര്‍ക്ക് പരിശീലനം നല്‍കുന്നതിനും ആലോചനയുണ്ടെന്ന് ഡി.എഫ്.ഒ സി. അബ്ദുല്‍ ലത്തീഫ് പറഞ്ഞു.
തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനുകീഴില്‍ കോട്ടോപ്പാടം പഞ്ചായത്തിലെ കരടിയോട്, മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്റ്റേഷനുകീഴിലെ തത്തേങ്ങലം, പാലക്കയം ഫോറസ്റ്റ് സ്റ്റേഷനുകീഴിലെ ഇരുമ്പകച്ചോല, ഇഞ്ചിക്കുന്ന് എന്നിവടങ്ങളില്‍ 15 അംഗ പ്രാഥമിക പ്രതികരണ സേന രൂപവത്കരിച്ചിട്ടുള്ളത്. അമ്പലപ്പാറ, കച്ചേരിപ്പറമ്പ്, കല്ലടിക്കോട്, പൂഞ്ചോല തുടങ്ങിയ പ്രദേശങ്ങളിലും സേന രൂപവത്കരിക്കുമെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ എന്‍. സുബൈര്‍ പറഞ്ഞു. മലയോര മേഖലയില്‍ കാട്ടാനയും പുലിയുമാണ് ഭീതിയാകുന്നത്. അതേസമയം കാട്ടാനശല്യം അതിരൂക്ഷമായിരുന്ന തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനുകീഴില്‍ മുമ്പത്തെ അപേക്ഷിച്ച് കാട്ടാനശല്യം കുറഞ്ഞെതും ശ്രദ്ധേയമാണ്. വനപാലകരുടെ നിതാന്ത ജാഗ്രതയും നാട്ടുകാരുടെ സഹകരണത്തോടെയുള്ള സക്രിയ പ്രവര്‍ത്തനങ്ങളുടെയും ഫലമായാണിത്. എന്നാല്‍ ചിലയിടങ്ങളില്‍ പുലിഭീതി നിലനില്ക്കു
ന്നുമുണ്ട്.
അടുത്തിടെ പാലക്കയം ഇഞ്ചിക്കുന്ന് ഭാഗത്ത് മേയാന്‍വിട്ട ആടിനെ പുലി പിടിച്ചിരുന്നു. ഇന്നലെ കോട്ടോപ്പാടം കുന്തിപ്പാടത്ത് കുരങ്ങിനെ പുലി കൊന്നുതിന്ന നിലയില്‍ കണ്ടെത്തിയിരുന്നു. വനാതിര്‍ത്തിക്ക് സമീപത്തുള്ള സ്വകാര്യ തോട്ടങ്ങളില്‍ അടിക്കാട് വളര്ന്നുനില്ക്കുന്ന വന്യമൃഗങ്ങള്‍ക്ക് തമ്പടിക്കാന്‍ അവസരമൊരുക്കുമെന്ന് വനംവകുപ്പ് പറയുന്നു. വന്യജീവി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കാടുപിടിച്ച് കിടക്കുന്ന തോട്ടങ്ങളുടെ ഉടമകള്‍ക്ക് കാട് നീക്കം ചെയ്യാനുള്ള നോട്ടീസ് നല്കുന്ന നടപടികളും സ്വീകരിച്ചുവരുന്നുണ്ട്. പുലിസാന്നിധ്യമുണ്ടായ പാലക്കയം ഭാഗത്ത് വനംവകുപ്പ് അധികൃതരുടെ നിര്‍ദേശപ്രകാരം അമ്പത് ഹെക്ടറിലധികം വരുന്ന കൃഷിയിടങ്ങളിലെ കാട് നീക്കം ചെയ്തിട്ടുള്ളതായി റേഞ്ച് ഓഫിസര്‍ അ
റിയിച്ചു.
വന്യമൃഗങ്ങള്‍ ജനവാസമേഖലകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് ഒഴിവാക്കാനായി അവക്ക് ആവശ്യമായ ജലഭക്ഷണ ലഭ്യത വനത്തിനുള്ളില്‍ തന്നെ ഉറപ്പുവരുത്താൻ ഫുഡ്, ഫോഡർ ആന്‍ഡ് വാട്ടര്‍ പദ്ധതി പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്. വനാതിര്‍ത്തിയിലുള്ള സൗരോർജവേലികളും പ്രവര്‍ത്തനസജ്ജമാക്കിയിട്ടുണ്ടെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.