ചെകിടമലയിലെ കുടിവെള്ള വിതരണം ജല അതോറിറ്റി അധികൃതർ പരിശോധിക്കുന്നു
പാലക്കാട്: 11ാം വാർഡിലെ ചെകിടമല, മരുതംതടം, നീലിപ്പാറ എന്നിവിടങ്ങളിലെ നൂറിലധികം കുടുംബങ്ങൾ കഴിഞ്ഞ മൂന്നുവർഷമായി അനുഭവിച്ചുപോന്ന കുടിവെള്ള പ്രശ്നത്തിന് പരിഹാരം. തോലനൂരിലെ ടാങ്കിൽനിന്ന് 19 കിലോമീറ്റർ പൈപ്പ് ലൈൻ സ്ഥാപിച്ച് കുന്നിൻചെരുവിലെ പ്രദേശത്തേക്ക് വെള്ളമെത്തിച്ചതോടെ ജനങ്ങളുടെ മുഖത്ത് ആശ്വാസത്തിന്റെ ചിരി.
പഞ്ചായത്തിന്റെ മിനികുടിവെള്ള പദ്ധതി ഉണ്ടായിരുന്നെങ്കിലും വെള്ളമില്ലാതെ നിലക്കുകയായിരുന്നു. കൂടാതെ കുഴൽക്കിണറുകളും വറ്റി. പുതിയ കുടിവെള്ള പദ്ധതി തുടങ്ങാനിരുന്നെങ്കിലും വനഭൂമിയും സ്വകാര്യ ഭൂമിയുമായതിനാൽ അനുമതിക്ക് സാങ്കേതിക തടസ്സങ്ങളുണ്ടായി.
ടാങ്കർലോറിയിൽ വെള്ളമെത്തിക്കുന്നുണ്ടെങ്കിലും പരിഹാരമായില്ല. ഇതോടെയാണ് ജീവൻമിഷൻ പദ്ധതിയിൽ ഇവിടെ വെള്ളമെത്തിക്കാൻ ജല അതോറിറ്റി തീരുമാനിച്ചത്. വനവും സ്വകാര്യഭൂമിയും കൊണ്ട് ചുറ്റപ്പെട്ട പ്രദേശമായതിനാൽ സാങ്കേതിക തടസ്സങ്ങൾ ഒരുപാടുണ്ടായി. അനുമതി ലഭിക്കാതെ പ്രവൃത്തി നിലച്ചപ്പോൾ പഞ്ചായത്ത് അംഗം കെ. ഗിരിജയും പഞ്ചായത്ത് അധികൃതരും ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ചു.
വനഭൂമിയായതിനാൽ വനംവകുപ്പും വഴി പ്രശ്നമായപ്പോൾ പൊതുമരാമത്ത് വകുപ്പും ഇടപെട്ടു. വൈദ്യുതി ആവശ്യത്തിന് കെ.എസ്.ഇ.ബിയും സഹായം നൽകി. ജല അതോറിറ്റി കുഴൽമന്ദം അസി. എൻജിനീയർ ബി. ബിജുവിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ ഇടപെടലിൽ പ്രശ്നങ്ങളൊഴിഞ്ഞ് പൈപ്പ് ലൈൻ സ്ഥാപിക്കപ്പെട്ടു. പ്രദേശത്തെ 17 കുടുംബങ്ങൾക്ക് കണക്ഷൻ നൽകാനുണ്ടെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.