നെന്മാറ: വില്ലേജ് ഓഫിസുകളിൽ ജീവനക്കാരുടെ കുറവിനെത്തുടർന്ന് സാധാരണക്കാർ ദുരിതത്തിൽ. ചിറ്റൂർ താലൂക്കിലെ കയറാടി വില്ലേജിൽ ഓഫിസർ ഇല്ലാതായിട്ട് രണ്ടുമാസമായി. പൊതുജനങ്ങൾ നിരന്തരം ബന്ധപ്പെടുന്ന ഓഫിസുകളിലെ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതു മൂലം നിരവധി സാങ്കേതിക പ്രശ്നങ്ങളും ഉടലെടുക്കുന്നു.
തിരുവാഴിയാട് വില്ലേജിൽ സ്പെഷൽ വില്ലേജ് ഓഫിസർ തസ്തികയും മാസങ്ങളായി ഒഴിഞ്ഞു കിടക്കുന്നു. കയറാടി വില്ലേജിൽ നിലവിലുണ്ടായിരുന്ന വില്ലേജ് ഓഫിസർ നെല്ലിയാമ്പതിയിലേക്ക് ജനുവരിയിൽ സ്ഥലം മാറിയതോടെയാണ് ഒഴിവ് വന്നത്. പകരം ആളെ നിയമിച്ചെങ്കിലും കയറാടിയിൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹം നാട്ടിലേക്ക് സ്ഥലം മാറ്റം വാങ്ങി പോയതോടെയാണ് കയറാടിയിൽ ഒഴിവ് വന്നത്.
കയറാടിയിൽ തിരുവഴിയാട് വില്ലേജ് ഓഫിസർക്ക് അധിക ചുമതല നൽകിയാണ് അത്യാവശ്യ കാര്യങ്ങൾ നടന്നു പോകുന്നത്. തിരുവാഴിയാട് സ്പെഷൽ വില്ലേജ് ഓഫിസർ തസ്തികയും ഒഴിഞ്ഞു കിടക്കുന്നതിനാൽ ഇരു വില്ലേജുകളിലും സാമ്പത്തിക വർഷാവസാനത്തെ നികുതി കുടിശ്ശിക പിരിവ്, റവന്യൂ റിക്കവറി, ഫീൽഡ് പരിശോധന എന്നിവക്കും ബുദ്ധിമുട്ട് നേരിടുന്നു.
വില്ലേജ് തല ജനകീയ സമിതികളും മാസങ്ങൾക്ക് മുമ്പേ വില്ലേജുകളിലെ ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിൽ പകരം ആളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതർ നടപടി കൈക്കൊണ്ടില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. ഫീൽഡ് പരിശോധന, തരം മാറ്റം, പട്ടയം അപേക്ഷ തുടങ്ങി നിരവധി കാര്യങ്ങളിൽ ഉത്തരവാദിത്തപ്പെട്ട തസ്തികകളിലെ ജീവനക്കാരുടെ കുറവ് അടിയന്തരമായി നികത്തണം. ജീവനക്കാരെ നിയമിച്ച് വില്ലേജുകളുടെ പ്രവർത്തനം ഉടൻ സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.