കൊല്ലങ്കോട്: തിരുച്ചെന്തൂർ ട്രെയിനിൽ തിരക്കിന് കുറവില്ലാത്തതിനാൽ കൂടുതൽ ട്രെയിൻ സർവിസ് ആരംഭിക്കണമെന്ന ആവശ്യം പരിഗണിക്കാതെ റെയിൽവേ. തീരാദുരിതത്തിലായി യാത്രക്കാർ. രാവിലെ പുറപ്പെടുന്ന തിരുച്ചെന്തൂർ ട്രെയിനിൽ കൊല്ലങ്കോട് സ്റ്റേഷനിലെത്തുമ്പോൾ കയറാൻ പോലും സാധിക്കാത്ത അത്രയും തിരക്കാണ്. പ്രയാസത്തോടെ കയറിയാലും ഇരിക്കാൻ സീറ്റുണ്ടാകില്ല. 7.10ന് പൊള്ളാച്ചി റെയിൽവേ സ്റ്റേഷനിൽ എത്തിയാൽ അവിടെയും ആയിരത്തിലധികം യാത്രക്കാർ കാത്തുനിൽക്കുകയാണ്.
പഴനി, മധുര, നാഗൂർ, ഏർവാടി എന്നീ തീർഥാടന കേന്ദ്രങ്ങളിലേക്ക് എത്തുന്നവരും ജോലി ആവശ്യത്തിനായി പോകുന്നവരുടെയും തിരക്ക് വർധിച്ചുവരുന്നതിനാൽ പാലക്കാട്-പൊള്ളാച്ചി റൂട്ടിൽ കൂടുതൽ ട്രെയിൻ അനുവദിക്കണമെന്ന ആവശ്യം അധികൃതർ കേട്ടമട്ടില്ല. രാവിലെയും വൈകുന്നേരവും പാലക്കാട്-പൊള്ളാച്ചി-കോയമ്പത്തൂർ റൂട്ടിൽ പാസഞ്ചർ ട്രെയിൻ ആരംഭിക്കമെന്നും പാലരുവി ട്രെയിൻ പഴനി വരെയും എറണാകുളം മെമു പൊള്ളാച്ചി വരെയും ദീർഘിപ്പിക്കണമെന്ന ആവശ്യം റെയിൽവേ മന്ത്രിക്ക് മുന്നിൽഎത്തിയിട്ടും പരിഹാരമില്ല.
ആയിരത്തിലധികം സീസൺ ടിക്കറ്റുകൾ ഉണ്ടായിരുന്ന പൊള്ളാച്ചി-പാലക്കാട് റൂട്ടിൽ അമൃത ഉൾപ്പെടെ മൂന്ന് ട്രെയിനുകളാണ് സർവിസ് ഉള്ളത്. ബംഗളൂരു- കോയമ്പത്തൂർ ഉദയ് എക്സ്പ്രസ് കഴിഞ്ഞ ഏപ്രിലിൽ പാലക്കാട് വരെ ദീർഘിപ്പിക്കുന്നതിന്റെ ഭാഗമായി പരീക്ഷണ ഓട്ടം നടത്തിയെങ്കിലും റെയിൽവേ വാക്ക് പാഴ്വാക്കായി. പാമ്പൻ പാലം ഉദ്ഘാടനത്തിന് തയാറായതിനാൽ റെയിൽവേ നേരത്തെ പ്രഖ്യാപിച്ച മംഗലാപുരം- പൊള്ളാച്ചി- രമേശ്വരം എക്സ്പ്രസ്, തിരുവനന്തപുരം-മധുര വരെ സർവിസ് നടത്തുന്ന അമൃത എക്സ്പ്രസ് രാമേശ്വരം വരെ ദീർഘിപ്പിക്കുമെന്നത് പാലിക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.