കൊല്ലങ്കോട്: തെന്മലയിലെ വെള്ളച്ചാട്ടങ്ങളിൽ അപകടങ്ങൾ വർധിക്കുമ്പോൾ വനം വകുപ്പും പൊലീസും ഉറക്കത്തിൽ. പ്രവേശനം നിരോധിച്ച വെള്ളച്ചാട്ടങ്ങളിലേക്കും വിനോദ യാത്രക്കാർ എത്തുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്ന് നാട്ടുകാർ പറയുന്നു. തെന്മലയിലെ വെള്ളച്ചാട്ടങ്ങളിൽ ഇതിനകം മൂന്ന് പേരാണ് മരിച്ചത്. വനാതിർത്തിയിൽ നിന്നും രണ്ടു കിലോമീറ്റർ അകത്ത് നടന്നുപോയാലാണ് വെള്ളരിമേട് ആണ് വെള്ളച്ചാട്ടം കാണാൻ സാധിക്കുക.
മലമുകളിൽ ഒന്നര കിലോമീറ്റർ അധികം ഉയരത്തിൽ എത്തി രണ്ടാമത്തെയും വെള്ളച്ചാട്ടവും അതിനുമുകളിൽ വീണ്ടും നടന്ന് ഒന്നാമത്തെ വെള്ളച്ചാട്ടത്തിലും എത്തുന്ന സാഹസിക വിനോദ സഞ്ചാരികളാണ് ഇത്തരം അപകടങ്ങൾക്ക് ഇരയാകുന്നത്.ഇങ്ങനെ നിയമലംഘനം നടത്തി എത്തുന്ന വിനോദസഞ്ചാരികളെ നിയന്ത്രിക്കാൻ ഉദ്യോഗസ്ഥരില്ല എന്നതാണ് പ്രശ്നത്തിന് കാരണം.
സീതാർകുണ്ട് വെള്ളച്ചാട്ടത്തിനടുത്ത് അരഡസനിലധികം മുന്നറിയിപ്പ് ബോർഡുകൾ നെന്മാറ ഡി.എഫ്.ഒയുടെ പേരിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും നിരീക്ഷിക്കാൻ ഒരു ഉദ്യോഗസ്ഥൻ പോലുമില്ല. സീതാർകുണ്ടിൽ എത്തുന്ന യാത്രക്കാരെ നിയന്ത്രിക്കാൻ പ്രദേശത്ത് ഒരു വാച്ചറെ നിയമിച്ചിട്ടുണ്ടെന്ന് കൊല്ലങ്കോട് റേഞ്ച് ഓഫിസർ കെ. പ്രമോദ് പറഞ്ഞു. എന്നാൽ വനംവകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ എങ്കിലും സീതാർകുണ്ട് വെള്ളച്ചാട്ടത്തിനടുത്ത് നിയമിക്കണമെന്നാണ് കലക്ടർ നടത്തിയ ചർച്ചയിൽ മാസങ്ങൾക്ക് മുമ്പ് ആവശ്യമുയർ ന്നത്.
കൊല്ലങ്കോടിന്റെ സൗന്ദര്യം കാണാൻ വരുന്നവരിൽ ഭൂരിഭാഗവും സീതാർകുണ്ട് വെള്ളച്ചാട്ടത്തിൽ എത്തുന്നവരാണ്. മുന്നറിയിപ്പ് ബോർഡ് വകവക്കാതെ അതിക്രമിച്ച് കയറുന്നവർ വർധിച്ചതിനാൽ അപകടങ്ങളും ഉയർന്നു.മാത്രമല്ല, വെള്ളച്ചാട്ടത്തിൽ എത്തുന്നവർക്ക് സുരക്ഷ മുൻകരുതലുകളും ഇവിടെ സ്ഥാപിച്ചിട്ടില്ല. ഇന്ത്യയിലെ സുന്ദര ഗ്രാമമായി മാറിയ കൊല്ലങ്കോട്ടിലെ തെന്മലയോര പ്രദേശങ്ങൾ മഴക്കാലം ആകുമ്പോഴാണ് വെള്ളച്ചാട്ടങ്ങളാൽ സൗന്ദര്യമാകുന്നത്.
കഴിഞ്ഞവർഷം കലക്ടർ എസ്. ചിത്രയുടെ നേതൃത്വത്തിൽ പ്രത്യേക യോഗവും മുന്നറിയിപ്പ് സംവിധാനങ്ങൾക്കുള്ള നിർദേശങ്ങളും ഉണ്ടായെങ്കിലും ഇവയെല്ലാം കാറ്റിൽ പറത്തിയാണ് വിനോദസഞ്ചാര മേഖലകളെ വനം പൊലീസ് ഉദ്യോഗസ്ഥർ അവഗണിക്കുന്നത്. അടുത്തിടെ കഞ്ചാവ് വിൽപ്പനയും ഇവിടെ വർധിച്ചത് നാട്ടുകാർക്ക് തലവേദനയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.