പാലക്കാട്: കറൻസി രഹിത ഇടപാടുകൾ വർധിച്ചതും ചെറുകിട കച്ചവടസ്ഥാപനങ്ങൾ കൂട്ടത്തോടെ അടച്ചുപൂട്ടന്നതുംമൂലം സംസ്ഥാനത്തെ 20,000ൽ അധികം സഹകരണ നിക്ഷേപ വായ്പാ പിരിവുകാർ തൊഴിൽ ഭീഷണി നേരിടുന്നു. കർഷകർ, കർഷക തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ, സ്വയംതൊഴിൽ കണ്ടെത്തിയവർ, ദിവസക്കൂലിക്ക് തൊഴിലെടുക്കുന്നവർ, വീട്ടമ്മമാർ, ചെറുകിട കെട്ടിട ഉടമകൾ എന്നിവരായിരുന്ന ഈ രംഗത്തെ മുഖ്യ ഇടപാടുകാർ. കെട്ടിട ഉടമകൾ വാടക പിരിച്ചെടുക്കാനും മറ്റുള്ളവർ മിതവ്യയ സമ്പാദ്യത്തിനും വായ്പാ തിരിച്ചടവിനും നിക്ഷേപ പിരിവുകാരുടെ സേവനം പ്രയോജനപ്പെടുത്തിയിരുന്നു. അതിൽനിന്ന് കിട്ടുന്ന ചെറിയൊരു ശതമാനം കമീഷനായിരുന്നു ഇവരുടെ വേതനം. എന്നാൽ ഓൺലൈൻ ഇടപാടുകൾ വ്യാപകമായതോടെ ചെറിയ ഇടപാടുകൾ, തൊഴിലാളികളുടെ കൂലി എന്നിവ നൽകുന്നത് പോലും കറൻസി രഹിതമായി.
വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവമൂലം സാധാരണക്കാരുടെ മിച്ചം വെക്കാനുള്ള ശേഷി കുറഞ്ഞ് വരുന്നതും ദിന നിക്ഷേപ പദ്ധതികളിൽ വ്യാപക കൊഴിഞ്ഞ് പോക്കിന് കാരണമാവുന്നു. ഈ സാഹചര്യം തുടർന്നാൽ നാല്-അഞ്ച് വർഷത്തിനകം നിലവിലുള്ള മുഴുവൻ നിക്ഷേപ പിരിവുകാരും തൊഴിൽ രഹിതരാകുമെന്നാണ് ആശങ്ക. സർക്കാർ അടിയന്തരമായി ഇടപെട്ട് ഈ വിഭാഗത്തെ ഫീഡർ കാറ്റഗറിയിൽ പെടുത്തി തൊഴിൽ സ്ഥിരതയും വേതന സുരക്ഷയും ഉറപ്പാക്കണമെന്ന് കോ-ഓപറേറ്റീവ് ബാങ്ക്സ് ഡെപ്പോസിറ്റ് കലക്ടേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
മുഴുവൻ പേർക്കും ആനുകൂല്യം ഉറപ്പാക്കാൻ മുൻകാല പ്രാബല്യത്തോടെ തസ്തിക നിർണയിച്ച് സ്ഥിരപ്പെടുത്തി സ്ഥാനക്കയറ്റവും വിരമിക്കൽ ആനുകൂല്യങ്ങളും നൽകണമെന്നും ആവശ്യപ്പെട്ടു. 2005 മുതൽ സ്ഥിരപ്പെടുത്തൽ സ്ഥിര വേതന ഉത്തരവുകൾ നിലവിലുണ്ടെങ്കിലും അതിന്റെ ആനുകൂല്യങ്ങൾ പലയിടത്തും ലഭിക്കുന്നില്ല. വർഷങ്ങൾ ജോലി ചെയ്ത് വിരമിച്ചവർക്ക് പോലും പെൻഷൻ ഗ്രാറ്റുവിറ്റി നിഷേധിക്കുന്നു. നിരന്തരം സർക്കാർ ശ്രദ്ധയിൽ പെടുത്തിയിട്ടും ഇടപെടലുണ്ടാവുന്നില്ല. യോഗത്തിൽ ടി.ടി. സത്യവേൽ അധ്യക്ഷത വഹിച്ചു. പി. കണ്ണൻ, എ.കെ. ബക്കർ, രജിത ശ്രീകുമാർ, എ. സുധീർ, എ. ശ്രീകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.