മണ്ണാര്‍ക്കാട്: നിയോജക മണ്ഡലത്തിന്റെ സമഗ്ര വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യമിട്ട് എന്‍. ഷംസുദ്ദീന് എം.എല്‍.എ നടപ്പാക്കുന്ന ഫ്ലെയിം പദ്ധതിക്ക് തുടക്കം. നിയമസഭ സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. എന്‍. ഷംസുദ്ദീന് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ഒറ്റപ്പാലം സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ മുഖ്യാതിഥിയായി. മണ്ഡലത്തിലെ വിദ്യാലയങ്ങളില്‍നിന്ന് എസ്.എസ്.എല്‍.സി, പ്ലസ് ടു സമ്പൂര്‍ണ എ പ്ലസ്, നാഷനല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ് ജേതാക്കളായ അറനൂറോളം വിദ്യാർഥി പ്രതിഭകളെയും 100 ശതമാനം വിജയം കൈവരിച്ച 14 വിദ്യാലയങ്ങളെയും പുരസ്കാരങ്ങള്‍ നല്കി അനുമോദിച്ചു.
എന്‍സ്കൂള്‍ ലേണിങിന്റെ അക്കാദമിക പിന്തുണയോടെ വിദ്യാർഥികളുടെ വിവിധ ശേഷികള്‍ പരിപോഷിപ്പിക്കുകയും മത്സര പരീക്ഷകള്‍ക്ക് പ്രാപ്തരാക്കുന്നതിനൊപ്പം പുതിയ വൈജ്ഞാനിക മേഖലകളിലേക്ക് എത്തിക്കുകയുമാണ് ഫ്ലെയിം പദ്ധതി ലക്ഷ്യമാക്കുന്നത്. വിവിധ സ്കോളര്‍ഷിപ് പരീക്ഷകള്‍ക്കുള്ള പരിശീലനം, മത്സര പരീക്ഷകള്‍ക്കുള്ള പരിശീലനം, സ്കൂളുകളുടെ ഭൗതിക നിലവാരം മെച്ചപ്പെടുത്തല്‍, അഭിരുചി പരിശോധന, കരിയര്‍ കൗണ്‍സലിങ്, സെന്‍ട്രല്‍ യൂനിവേഴ്സിറ്റി എന്‍ട്രന്‍സ് പരീക്ഷ പരിശീലനം, ട്രൈബല്‍ വിദ്യാർഥികളുടെ പഠന നിലവാരം ഉയര്‍ത്തല്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയെക്കുറിച്ച് അവബോധം നല്കല്, സർവിസ് എന്‍ട്രി പ്രോഗ്രാം, ഭിന്നശേഷി വിദ്യാർഥികളുടെ ശാക്തീകരണം തുടങ്ങിയവയാണ് ഫ്ലെയിമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് എം.എല്‍.എ അറിയിച്ചു. മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി, മുന്‍ എം.എല്‍.എ കളത്തില്‍ അബ്ദുല്ല, പൊതുവിദ്യാഭ്യാസ വകുപ്പ് ജോയന്റ് ഡയറക്ടര്‍ എ. അബൂബക്കര്‍, ബ്ലോക്ക് പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടി, തെങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൗക്കത്തലി, ജില്ല പഞ്ചായത്തംഗം ഗഫൂര്‍ കോല്‍കളത്തില്‍, സംഘാടക സമിതി ചെയര്മാന് ഡോ. ടി. സൈനുല്‍ ആബിദ്, കണ്‍വീനര്‍ സിദ്ദീഖ് പാറോക്കോട് തുടങ്ങിയവര്‍ സംസാരിച്ചു. എന്‍സ്കൂള്‍ ലേണിങ് സി.ഇ.ഒ കെ.വി. മുഹമ്മദ് യാസീന്‍ പദ്ധതി വിശദീകരണം നടത്തി. എ ഡാപ്റ്റ് സി.ഇ.ഒ ഉമര്‍ അബ്ദുസ്സലാം, എന്‍സ്കൂള്‍ ലേണിങ് ഡയറക്ടര്‍ അഹമ്മദ് സാജു എന്നിവര്‍ അക്കാദമിക സെഷന് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.