മണ്ണാര്‍ക്കാട്: സ്വകാര്യ ആശുപത്രി നിക്ഷേപ തട്ടിപ്പ് കേസില്‍ ജാമ്യമെടുക്കാനായി കോടതിയിലെത്തിയ ആശുപത്രി ഉടമക്കും ബന്ധുക്കള്‍ക്കും നേരെ പ്രതിഷേധവുമായി നിക്ഷേപകർ. കോടതി പരിസരത്ത് നാടകീയ രംഗങ്ങള്‍. തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട് ആശുപത്രി ഉടമ സി.വി. റിഷാദ്, കുടുംബാംഗങ്ങളായ ഷഹന, അലി എന്നിവരെ അറസ്റ്റുചെയ്തു. ഇവരുടെ വീടുകളില്‍ സി.ഐയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. എന്നാല്‍ രേഖകള്‍ കണ്ടെടുക്കാനായിട്ടില്ലെന്നാണ് അറിയുന്നത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. കുന്തിപ്പുഴയിലെ സ്വകാര്യ ആശുപത്രി ഉടമ സി.വി. റിഷാദ്, കുടുംബാംഗങ്ങള്‍ എന്നിവരാണ് മണ്ണാര്‍ക്കാട് മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ എത്തിയിരുന്നത്. ചില ചെക്കുകേസുകളുമായി ബന്ധപ്പെട്ട റിഷാദിന്റെ കേസുകള്‍ ഉച്ചക്ക് പരിഗണിക്കാനിരിക്കെയാണ് ഇവര്‍ കോടതിയിലുണ്ടെന്ന വിവരമറിഞ്ഞ് നിക്ഷേപകര്‍ എത്തിയത്. വിവരമറിഞ്ഞ് പൊലീസുമെത്തി. നിക്ഷേപ തട്ടിപ്പിനിരയായവര്‍ ബഹളംവെക്കുകയും ഇവരെ വളയുകയും ചെയ്തതോടെ പൊലീസ് ഇടപെട്ട് റിഷാദിനെ ജീപ്പില്‍കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് ബന്ധുക്കളെയും വിളിച്ചുവരുത്തി. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 18 കേസുകളാണ് റിഷാദിന്റെ പേരില്‍ മണ്ണാര്‍ക്കാട് സ്റ്റേഷനിലുള്ളത്. രണ്ട് കേസുകളില്‍ അറസ്റ്റ് വാറന്റുള്ളതിനാലാണ് അറസ്റ്റുചെയ്തതെന്ന് സി.ഐ എം.ബി. രാജേഷ് പറഞ്ഞു. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.
വാഗ്ദാനം ചെയ്ത ചികിത്സ ആനുകൂല്യങ്ങളും മറ്റും ലഭ്യമായില്ലെന്നും നിക്ഷേപിച്ച തുക തിരികെ ലഭിക്കാന്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഒരുവിഭാഗം നിക്ഷേപകര്‍ സ്വകാര്യ ആശുപത്രിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.