മണ്ണാര്‍ക്കാട്: മലയില്‍നിന്ന് പാറക്കല്ലുകള്‍ ഉരുണ്ടുവന്ന കോട്ടോപ്പാടം അമ്പലപ്പാറ മലയില്‍ ജിയോളജി വിഭാഗം ജില്ല ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പഴയ പട്ടികവര്‍ഗ ഗ്രാമത്തിന് മുകളിലായാണ് കല്ലുകളെത്തിയത്. ഇവിടെയും സമീപത്തെ ചേര്‍ക്കയില്‍ ഗ്രാമം, നെല്ലിശ്ശേരി എന്നിവിടങ്ങളിലും ജില്ല ജിയോളജിസ്റ്റ് എം.വി. വിനോദ്, അസിസ്റ്റന്റ് ജിയോളജിസ്റ്റ് വി.ജെ. രാഹുല്‍ എന്നിവരാണ് പരിശോധന നടത്തിയത്.
മഴയത്ത് കല്ലുകള്‍ ഉരുണ്ടെത്തിയതാകാമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പഴയ പട്ടികവര്‍ഗ ഗ്രാമത്തിന് സമീപത്തെ പാറയില്‍ വിള്ളലും മറ്റൊരു ഭാഗത്ത് പൊട്ടിയടരാന് സാധ്യതയുള്ള പാറയും കണ്ടെത്തി. ഇതിന് താഴെയുള്ള കുടുംബങ്ങളോട് മാറിത്താമസിക്കാനും പഴയ പട്ടികവര്‍ഗ ഗ്രാമത്തില്‍ ആരും താമസിക്കരുതെന്നും നിര്‍ദേശിച്ചു. നെല്ലിശ്ശേരി ഭാഗത്തെ പൊട്ടിക്ക് സമീപത്തെ മൂന്ന് കുടുംബങ്ങളോടും മാറിത്താമസിക്കാന്‍ നിര്‍ദേശിച്ചു. ശക്തമായ മഴ തുടര്‍ന്നാല്‍ ഇവിടെ അപകടസാധ്യതയുള്ളതായാണ് വിലയിരുത്തല്‍.
പഴയ പട്ടികവര്‍ഗ ഗ്രാമത്തിന് മുകള്‍ഭാഗത്തായി രണ്ടു പാറക്കല്ലുകള്‍ ഉരുണ്ടെത്തിയത് ആശങ്കക്കിടയാക്കിയിരുന്നു. തുടര്‍ന്ന് ഗ്രാമത്തിലുണ്ടായിരുന്ന പത്തോളം പേരെ ചൊവ്വാഴ്ച പുനരധിവാസഗ്രാമത്തിലേക്ക് എത്തിച്ചിരുന്നു. പഞ്ചായത്ത് സെക്രട്ടറിയുൾപ്പെടെ പ്രശ്നബാധിത സ്ഥലങ്ങളില്‍ പരിശോധന നടത്തിയിരുന്നു. തുടര്‍ന്നാണ് അമ്പലപ്പാറ മലയില്‍ പരിശോധനക്കായി ജിയോളജി വകുപ്പിന് പഞ്ചായത്ത് കത്തയച്ചത്.
ജില്ല കലക്ടര്‍ക്കും പഞ്ചായത്തിനും റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജില്ല ജിയോളജിസ്റ്റ് അറിയിച്ചു. വാര്‍ഡംഗം നൂറുല്‍സലാം, നീലിക്കല്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ അനീഷ് പാറയില്‍ തുടങ്ങിയവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.