വേണം, മണ്ണൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കൂടുതൽ ഡോക്ടർമാർ

മണ്ണൂർ: ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ മണ്ണൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തുന്നവർ വലയുന്നു.വർഷങ്ങൾക്ക് മുൻപ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം കഴിഞ്ഞ ആരോഗ്യ കേന്ദ്രത്തിലാണ് ഈ അവസ്ഥ. ദിനംപ്രതി നൂറിലേറെ രോഗികൾ ചികിൽസ തേടിയെത്തുന്ന ആശുപത്രിയിൽ ഇപ്പോൾ ഒരു ഡോക്ടർ മാത്രമാണുള്ളത്. മൂന്ന് ഡോക്ടർമാർ വേണ്ടിടത്ത് ഒരാളുടെ സേവനം എങ്ങുമെത്താത്ത അവസ്ഥയാണ്.

ഈ ഡോക്ടർക്ക് മാസത്തിൽ നാലുതവണ കുട്ടികൾക്കുള്ള കുത്തിവെപ്പിന് പോകേണ്ടിവരും. ഡോക്ടറില്ലാത്ത പക്ഷം രോഗികൾ സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ട അവസ്ഥയാണ്.ഒരു വർഷം മുൻപ് വരെ ഇവിടെ പഞ്ചായത്ത് നിയോഗിച്ചതടക്കം മൂന്ന് ഡോക്ടർമാരുടെ സേവനം ലഭ്യമായിരുന്നു. ഉച്ചക്ക് ശേഷവും ചികിത്സ ലഭ്യമായിരുന്നു. ഫണ്ടില്ലാത്തതിനാൽ പഞ്ചായത്ത് നിയോഗിച്ച ഡോക്ടറുടെ സേവനം ഒരു വർഷം മുമ്പ് നിലച്ചു.

രണ്ടാമത്തെയാളെ സ്ഥലം മാറ്റുകയും ചെയ്തു. പരിദേവനങ്ങൾക്കൊടുവിൽ രണ്ടാഴ്ച മുമ്പ് ഒരു ഡോക്ടറെ നിയമിച്ചിരുന്നുവെങ്കിലും വൈകാതെ പുതുപ്പരിയാരത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.സമീപ ആശുപത്രികളിലെല്ലാം മൂന്ന് ഡോക്ടർമാരുടെ സേവനം ലഭിക്കുമ്പോൾ മണ്ണൂർ കുടുംബാരോഗ്യ കേന്ദ്രത്തെ സർക്കാർ അവഗണിക്കുകയാണന്ന് പഞ്ചായത്ത് അംഗം വി.എം. അൻവർ സാദിക് പറഞ്ഞു.

കിടത്തി ചികിത്സയടക്കം എല്ലാ സൗകര്യങ്ങളുമുള്ള കുടുംബാരോഗ്യ കേന്ദ്രത്തിൽ ആവശ്യമായ ഡോക്ടർമാരെ നിയമിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ജനകീയ ആവശ്യം.ഡോക്ടറില്ലാത്തതിനാൽ രോഗികൾ മടങ്ങി പോകുന്ന സാഹചര്യം തുടരുന്ന പക്ഷം സമരപരിപാടിയുമായി രംഗത്തിറങ്ങുമെന്നും വിഷയത്തിൽ ഡി.എം.ഒ ഇടപെടണമെന്നും പഞ്ചായത്തംഗങ്ങളായ വി.എം. അൻവർ സാദിക്, റജുല ടീച്ചർ എന്നിവർ മുന്നറിയിപ്പ് നൽകി. 

Tags:    
News Summary - Need more doctors in Mannur Family Health Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.