പാലക്കാട്: ജില്ലയിൽ ദേശീയ, സംസ്ഥാനപാതകളിലായി ഉള്ളത് 13 ഓളം ഹൈ റിസ്ക് അപകടമേഖലകൾ. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ 2019-‘21 വർഷത്തെ കണക്കുപ്രകാരമാണിത്. പാലക്കാട്-കോഴിക്കോട് ദേശീയപാത(966)യിലാണ് കൂടുതൽ അപകടസ്ഥലങ്ങളുള്ളത്. ഈ പാതയിലെ തൊടുകാപ്പ്, പൊരിയാനി, വേലിക്കാട്, കോടതിപ്പടി, എം.ഇ.എസ് കല്ലടി കോളജ്, വട്ടമ്പലം, നൊട്ടമല, ചിറക്കൽപ്പടി, പനയമ്പാടം എന്നീ സ്ഥലങ്ങളെല്ലാം ഹൈറിസ്ക് കാറ്റഗറിയിൽ ഉൾപ്പെട്ടതാണ്. കൂടാതെ കടമ്പഴിപ്പുറം, പുഞ്ചപ്പാടം, ശ്രീകൃഷ്ണപുരം എന്നീ പ്രദേശങ്ങളും കൂടുതൽ അപകടങ്ങൾ നടക്കുന്ന സ്ഥലങ്ങളാണ്. സേലം-കൊച്ചി ദേശീയപാത(544)യിൽ മോട്ടോർ വാഹന ചെക്ക്പോസ്റ്റ് പാലം, വാളയാർ മാൻപാർക്ക്, ആലാമരം എന്നിവിടങ്ങളും ഹൈറിസ്ക് മേഖലകളാണ്.
അപകടങ്ങളുടെയും മരണങ്ങളുടെയും പുതിയ കണക്ക് പ്രകാരം 2023ൽ ജില്ലയിലെ 26 സ്ഥലങ്ങൾ തീവ്രത കുറഞ്ഞ അപകടമേഖലകളായി നിശ്ചയിച്ചിട്ടുണ്ട്. ഇതുപ്രകാരം കൊപ്പം, പട്ടാമ്പി, ശങ്കരമംഗലം, തെക്കുമുറി, തൃത്താല മാട്ടായ, ഷൊർണൂർ കൂനത്തറ, ഒറ്റപ്പാലം, പത്തിരിപ്പാല, പാലപ്പുറം, വാണിയംകുളം, ശ്രീകൃഷ്ണപുരം, നാട്ടുകൽ, ആര്യമ്പാവ്, മണ്ണാർക്കാട് നൊട്ടമല, ചൂരിയോട്, തുപ്പനാട്, കുഴൽമന്ദം പെരിയപാലം, വടക്കഞ്ചേരി അണക്കപ്പാറ, പന്നിയങ്കര, നീലിപ്പാറ, വാണിയംപാറ, പുതുശ്ശേരി ജങ്ഷൻ, കുരുടിക്കാട്, ചന്ദ്രനഗർ, വടക്കുമുറി എന്നിവിടങ്ങളെല്ലാം അപകടമേഖലകളാണ്. ജില്ലയിലാകെ 2960 അപകടങ്ങളും 325 മരണങ്ങളുമാണ് കഴിഞ്ഞവർഷം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഈ വർഷം മേയ് വരെ 1347 അപകടങ്ങളും 142 മരണങ്ങളും ഉണ്ടായി. ചാലിശ്ശേരി-കട്ടിൽമാടം, കൂട്ടുപാത സെന്റർ-പട്ടാമ്പി, മേലെ പട്ടാമ്പി-വാടാനാംകുറുശ്ശി, കല്ലേപ്പുള്ളി-ചെറുതുരുത്തി, കച്ചേരിക്കുന്ന് ജങ്ഷൻ-ചെർപ്പുളശ്ശേരി-വെള്ളിനേഴി, അരിയൂർ-മണ്ണാർക്കാട്, മൈലംപുള്ളി ജങ്ഷൻ-മുണ്ടൂർ, വള്ളിക്കോട് ജങ്ഷൻ-മുട്ടിക്കുളങ്ങര-ചന്ദ്രനഗർ, കോങ്ങാട്-എഴക്കാട്, ചന്ദ്രനഗർ ജങ്ഷൻ-നരഗംപള്ളി പാലം, പുതുശ്ശേരി വെസ്റ്റ്-വാളയാർ അതിർത്തി, ചിതലിപ്പാലം-കണ്ണനൂർ പാലം, എരട്ടക്കുളം-എരിമയൂർ, വടക്കഞ്ചേരി പാലം ചിറ്റിലഞ്ചേരി ജങ്ഷൻ, നെന്മാറ-കരിംകുളം, വട്ടേക്കാട് ജങ്ഷൻ-കെ.കെ മരം കൊല്ലങ്കോട്, കൊടുവായൂർ-മേട്ടുപ്പാളയം, കണ്ണാടി-കുന്നത്തൂർമേട്, വിക്ടോറിയ കോളജ് ജങ്ഷൻ-യാക്കര പാലം, കുന്നാച്ചി-എലപ്പുള്ളി, ചിറ്റൂർപ്പുഴ പാലം-വളറ, അത്തിക്കോട്, കൊഴിഞ്ഞാമ്പാറ, കഴനി ചുങ്കം-ആലത്തൂർ ബൈപാസ് ജങ്ഷൻ എന്നീ സ്ഥലങ്ങൾ അപകടസാധ്യതയുള്ള മേഖലകളായും തിരിച്ചിട്ടുണ്ട്.
ജില്ലയിലെ അപകടമേഖലകൾ തിരിച്ചറിയാൻ മോട്ടോർ വാഹന വകുപ്പ് ക്യു.ആർ കോഡ് പുറത്തിറക്കിയിട്ടുണ്ട്. ഇത് സ്കാൻ ചെയ്ത് പൊതുജനങ്ങൾക്ക് സ്ഥലങ്ങൾ തിരിച്ചറിയാം. ഇവിടങ്ങളിലൂടെ പോകുമ്പോൾ ശ്രദ്ധാപൂർവം വാഹനം ഓടിക്കാനും സഹായിക്കും. അപകടമേഖലകളിൽ പട്രോളിങ് ശക്തമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ സി.എസ്. സന്തോഷ് കുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.