പുലാപ്പറ്റ: മുണ്ടൊള്ളിയിലെ ഇരട്ട മരണം, നാടുതേങ്ങി. ക്വാറിയിൽ മുങ്ങിമരിച്ച വിദ്യാർഥികൾക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ചൊവ്വാഴ്ച അർധരാത്രി കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിന്റെ അതിർത്തി പ്രദേശമായ മുണ്ടൊള്ളി ചെഞ്ചുർളിയിൽ പാറമടയിൽ മുങ്ങിമരിച്ച അഭയ്, മേഘജ് എന്നിവരുടെ മൃതദേഹം മുണ്ടൊളിയിലെ മണികണ്ഠന്റെ വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ സഹപാഠികളും സമൂഹത്തിലെ നാനാതുറകളിലുള്ളവർ അന്ത്യോപചാരം അർപ്പിക്കാനെത്തി. വീട്ടുകാരെയും കൂടെ പഠിച്ചവരെയും സമാശ്വാസിപ്പിക്കുവാൻ ഒപ്പം ഉണ്ടായവർ വളരെ വിഷമിച്ചു. നിനക്കാതെ വന്ന അകാലമരണത്തിന്റെ വേദനയിലാണിന്ന് ഈ പ്രദേശവാസികൾ. അടുത്തൊന്നും ആൾ പാർപ്പില്ലാത്ത സ്ഥലത്താണ് ക്വാറി സ്ഥിതി ചെയ്യുന്നത്.
ഈ ഭാഗത്ത് യുവാക്കൾ കൂട്ടത്തോടെ സല്ലപിക്കുവാനെത്താറുണ്ട്. രാത്രിക്ക് കൂട്ടുകാരോടൊപ്പം ക്വാറി പരിസരത്ത് സുഹൃത്തുകൾക്കൊപ്പം ചേരാനാണ് ഇരുവരും പോയിരുന്നത്. ചൊവ്വാഴ്ച രാത്രി ഒമ്പതോടെ ഇരുവരും ഇവരുടെ വീടുകളിൽനിന്ന് അധികമൊന്നും അകലെയല്ലാത്ത ഉയർന്ന പ്രദേശത്തെ ക്വാറി പരിസരത്തേക്കാണ് പോയിരുന്നത്. മക്കളെ കാത്തിരുന്ന വീട്ടുകാരെ തേടിയെത്തിയത് ഒടുവിൽ ഇവർ അപകടത്തിൽ പെട്ടെന്നാണ്. കോങ്ങാട്ടുനിന്ന് അഗ്നിരക്ഷസേനയും സന്നദ്ധ പ്രവർത്തകരും ക്വാറിയിലിറങ്ങി തിരച്ചിൽ നടത്തി ചൊവ്വാഴ്ച അർധരാത്രി 11.30ന് ഒരാളുടെ മൃതദേഹം കണ്ടെടുത്തു. രണ്ടാമത്തേത് ബുധനാഴ്ച അർധരാത്രി 12നും കിട്ടി. മൃതദേഹങ്ങൾ പാലക്കാട് ജില്ല ആശുപത്രിയിലെത്തിച്ചു പോസ്റ്റ്മോർട്ടത്തിന് ശേഷം ബുധനാഴ്ച വൈകീട്ട് മൂന്നോടെ പൊതുദർശനത്തിന് വെച്ചു. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രാദേശിക നേതാക്കളും അന്ത്യാദരം അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.