തൃത്താല: റോഡ് - നഗര വികസന മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും നവീകരണത്തിനുമായി തൃത്താല മണ്ഡലത്തിൽ 178.10 കോടി രൂപയുടെ സാമ്പത്തികാനുമതി പുതുതായി ലഭിച്ചെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. കിഫ്ബിയില്‍ ഉൾപെടുത്തി പുനര്‍നിര്‍മിക്കുന്ന കുറ്റിപ്പുറം എൻജിനീയറിങ് കോളജ് - കുമ്പിടി - തൃത്താല - പട്ടാമ്പി പാലം വരെയുള്ള തീരദേശ റോഡിന്റെ സ്ഥലമെറ്റെടുക്കലിന് മാത്രമായി 10.5 കോടി ഉൾപ്പെടെ ഈ റോഡിന്റെ ആകെ നിർമാണ ചെലവ് 128.10 കോടിയാണ്. 12 മീറ്റര്‍ വീതിയില്‍ റോഡ് നിർമിക്കുന്നതിന് സ്ഥലമെറ്റെടുക്കാനാണ് കഴിഞ്ഞ ദിവസം ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിയത്.
കൂറ്റനാട് ടൗണ്‍ നവീകരണത്തിന് 13.19 കോടി രൂപയുടെ ഡി.പി.ആറാണ് കിഫ്ബിക്ക് സമര്‍പ്പിച്ചിരുന്നത്. ഈ പ്രവൃത്തിയുടെ ആദ്യഘട്ടത്തില്‍ സ്ഥലമേറ്റെടുക്കാൻ 1.29 കോടി രൂപയും കഴിഞ്ഞ ദിവസം ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ അനുവദിച്ചു. ഗോഖലെ ഹയര്‍ സെക്കൻഡറി സ്കൂളിന് ആധുനിക കെട്ടിടം നിർമിക്കാൻ 3.10 കോടി രൂപയുടെ സാമ്പത്തിക അനുമതിയും ലഭിച്ചു.
കറുകപുത്തൂര്‍ - അക്കിക്കാവ് റോഡ് വീതികൂട്ടി നവീകരിക്കാൻ നബാര്‍ഡിന്റെ ആര്.ഡി.ഐ.എഫ് പദ്ധതിയിലുള്‍പ്പെടുത്തി 13.5 കോടി, കറുകപുത്തൂരില്നിന്ന് തുടങ്ങി പെരിങ്ങോട് - കോതച്ചിറ വഴി പട്ടരുപടിയിലെത്തി അക്കിക്കാവ് റോഡുമായി ബന്ധിപ്പിക്കുന്ന എട്ട് കി.മീ. റോഡിന് 13.5 കോടിയും അനുവദിച്ചു. ഇക്കഴിഞ്ഞ ബജറ്റിൽ വട്ടോളിക്കാവ്-കറുകപുത്തൂർ റോഡിന് എട്ട് കോടിയും തലക്കശ്ശേരി-തണ്ണീർക്കോട് റോഡിന് രണ്ടര കോടിയും അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.