പട്ടാമ്പി: കുത്തിവെപ്പ് നൽകിയതിലെ പാളിച്ചയും ചികിത്സപ്പിഴവും മൂലം അഞ്ച് വയസ്സുകാരൻ കടുത്ത വേദനയിൽ. കൊടുമുണ്ട മാടായി ശങ്കരൻകുട്ടിയുടെ മകൻ ആദിദേവാണ് ദുരിതത്തിലായത്. കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നൽകി. പ്രതിരോധ കുത്തിവെപ്പിന് കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് ആദിദേവുമായി രക്ഷിതാക്കൾ കൊടുമുണ്ട ഹെൽത്ത് സെൻററിലെത്തിയത്.
ഇടതുകാലിലെ തുടയിൽ കുത്തിെവപ്പിനിടെ അശ്രദ്ധമായി കൈകാര്യം ചെയ്തതിനാൽ സൂചി ഊരി ശരീരത്തിലേക്ക് കയറിയെന്ന് ഇവർ പറഞ്ഞു. ഉടൻ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ എത്തിച്ച കുട്ടിയെ രണ്ടുതവണ ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും സൂചി പുറത്തെടുക്കാനായില്ല. പിന്നീട്, പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽനിന്നാണ് പുറത്തെടുത്തത്.
താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് കുട്ടിയുടെ തുടയിൽനിന്ന് വലിയ കഷണം മുറിച്ചെടുത്തതിനാൽ ആഴത്തിൽ മുറിവുണ്ട്. ഇപ്പോൾ അസഹ്യമായ വേദനയാണ്. ചികിത്സപ്പിഴവും കുത്തിവെപ്പിലെ വീഴ്ചയും ചൂണ്ടിക്കാട്ടിയാണ് ആരോഗ്യമന്ത്രിക്കുൾപ്പെടെ പരാതി നൽകിയതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.
സൂചിയെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തെന്നും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അബ്ദുറഹ്മാൻ പറഞ്ഞു. സൂചിയുടെ നിർമാണത്തകരാർ മൂലം അപൂർവം അവസരങ്ങളിൽ ഇങ്ങനെ സംഭവിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.