പാലോട്: 10 ലക്ഷത്തിലധികം രൂപ വിലവരുന്ന 100 കിലോ ചന്ദനത്തടികളുമായി രണ്ടുപേരെ പാലോട് ഫോറസ്റ്റ് റേഞ്ച് അധികൃതർ പിടികൂടി. പാലക്കാട് നെല്ലായ സ്വദേശി മുഹമ്മദലി (37), വര്‍ക്കല മേലെ വെട്ടൂര്‍ കല്ലുവിള വീട്ടില്‍ വിഷ്ണു (29) എന്നിവരെയാണ് പാലോട് റേഞ്ച് ഓഫിസറും സംഘവും പിടികൂടിയത്.
മുഹമ്മദലി മാസങ്ങളായി വര്‍ക്കല ഇടവയിലാണ് വാടകക്ക് താമസിച്ചിരുന്നത്. ഇവിടത്തെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നാണ് ചന്ദനത്തടിയും മരം മുറിക്കുന്നതിനുള്ള ഉപകരണങ്ങളും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. വനംവകുപ്പിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് തിങ്കളാഴ്ച രാത്രിയോടെ, പ്രതികള്‍ പിടിയിലായത്. മുറിച്ച ചന്ദനത്തടികള്‍ ചാക്കുകളില്‍ കെട്ടി അടുക്കിവെച്ച നിലയിലായിരുന്നു.
മലപ്പുറത്തുനിന്ന് ട്രെയിനിൽ വർക്കലയെത്തുന്ന മുഹമ്മദലി വിഷ്ണുവിന്റെ സഹായത്തോടെ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ചന്ദന കച്ചവടക്കാരില്‍ നിന്ന് ചന്ദനത്തടികള്‍ ശേഖരിക്കും. കൂടാതെ, ചന്ദനമരങ്ങള്‍ വളര്‍ത്തുന്ന സ്വകാര്യവ്യക്തികളിൽ നിന്ന് വിലക്ക് ചന്ദനത്തടികള്‍ വാങ്ങി മുറിച്ച് ശേഖരിക്കുകയും ചെയ്യും.
പത്തുലക്ഷം രൂപക്ക് മുകളിലാകുന്നതോടെ, തടികള്‍ വാഹനങ്ങളില്‍ കയറ്റി മലപ്പുറത്തേക്കും അവിടെ നിന്ന് ഇതരസംസ്ഥാനങ്ങളിലേക്കും കൊണ്ടുപോകുകയുമാണ് ചെയ്യുന്നത്. ഇവർക്ക് പിന്നിൽ വലിയൊരു സംഘം പ്രവർത്തിക്കുന്നതായി വനംവകുപ്പ് അധികൃതർ സംശയിക്കുന്നു. അടുത്ത ദിവസം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയശേഷം അന്വേഷണങ്ങള്‍ ആരംഭിക്കും. പാലോട് റേഞ്ച് ഓഫിസര്‍ സുധീഷ് കുമാര്‍, ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ സന്തോഷ് കുമാര്‍, സെക്ഷന്‍ ഓഫിസര്‍മാരായ അജയകുമാര്‍, സുകേഷ്, ബീറ്റ് ഓഫിസര്‍മാരായ അഭിമന്യു, ഡോണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.