പത്തനംതിട്ട വൈദ്യുതി ഭവന് സമീപത്തെ വൈദ്യുതി വാഹന ചാർജിങ് സ്റ്റേഷൻ
പത്തനംതിട്ട: വൈദ്യുതി വാഹനവുമായി പത്തനംതിട്ട നഗരത്തിൽ എത്തുന്നവർ ഒന്ന് സൂക്ഷിക്കണം. ചാർജ് തീർന്നാൽ പെട്ടത് തന്നെ. നഗരത്തിലെ പ്രധാന ചാർജിങ് സ്റ്റേഷൻ പണിമുടക്കിയിട്ട് നാളുകളായി.
വൈദ്യുതി വാഹനങ്ങളുടെ എണ്ണം വലിയ രീതിയിൽ വർധിക്കുമ്പോഴാണ് നഗരമധ്യത്തിൽ പത്തനംതിട്ട വൈദ്യുതി ഭവന് സമീപമുള്ള ചാർജിങ് സ്റ്റേഷന്റെ പ്രവർത്തനം നിലച്ചിരിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന മൂന്ന് ചാർജിങ് മെഷീനുകളാണ് ഈ സ്റ്റേഷനിൽ പ്രവർത്തിക്കുന്നത്.
പത്തനംതിട്ട വൈദ്യുതി ഭവന് സമീപമുള്ള ചാർജിങ് സ്റ്റേഷൻ പ്രവർത്തനം നിലച്ചതോടെ പകൽ സമയം പാർക്കിങ് ഷെഡായാണ് പ്രവർത്തിക്കുന്നത്. രാത്രിയാകുന്നതോടെ സ്റ്റേഷൻ തെരുവ് നായകളുടെ താവളമായി മാറും. കെ.എസ്.ഇ.ബി ഓഫിസിലെത്തുന്നവരുടേയും ഉദ്യോഗസ്ഥരുടെയുമടക്കം വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്തിട്ടുണ്ട്. ജില്ലയിലാകെ 33 ചാർജിങ് സ്റ്റേഷനുകളാണുള്ളത്. പല ചാർജിങ് സ്റ്റേഷനുകൾക്കും ഇതാണ് സ്ഥിതി.
ചാർജിങ് മെഷിനുകൾ സ്ഥാപിച്ച് ആദ്യകാലങ്ങളിൽ പ്രശ്നമൊന്നുമുണ്ടായിരുന്നില്ലെങ്കിലും പിന്നീട് ഇവ നിരന്തരം പണിമുടക്കാൻ തുടങ്ങി. അതോടെ പ്രശ്നം പൂർണമായി പരിഹരിക്കണമെന്ന് കെ.എസ്.ഇ.ബി അധികൃതർ മെഷീൻ സ്ഥാപിച്ച ഏജൻസിയോട് ആവശ്യപ്പെടുകയായിരുന്നു. ആറ് മാസത്തിലധികമായി ഇപ്പോൾ ഇവിടെ ചാർജിങ് സ്റ്റേഷൻ പ്രവർത്തിക്കുന്നില്ല. സ്റ്റേഷന് മുമ്പിൽ ഇന്റർലോക്ക് കട്ടകൾ വാരിയിട്ടിട്ടുമുണ്ട്.
മഴയിലും കാറ്റിലും ബോർഡുകൾ തകർന്നിട്ടുമുണ്ട്. വേഗത്തിൽ മെഷീനുകൾ പുനഃസ്ഥാപിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നാണ് കെ.എസ്.ഇ.ബി അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.