പത്തനംതിട്ട: കരാറുകാരുമായി ബന്ധപ്പെട്ട കുടിശ്ശിക പ്രശ്നങ്ങൾക്ക് പരിഹാരമില്ലെന്നായതോടെ ദ്രുതഗതിയിൽ നടന്നുവന്ന ജൽജീവൻ മിഷൻ പ്രവർത്തനങ്ങളും തടസ്സപ്പെട്ടു. പൈപ്പ് ഇടീൽ അടക്കം ആദ്യഘട്ടം പ്രവർത്തനം നടന്നുവരുമ്പോൾ തന്നെ തുടർജോലികൾക്ക് ഫണ്ടില്ലെന്ന അവസ്ഥയാണ്.
ആദ്യഘട്ട ജോലികളുടെ പണം കരാറുകാർക്ക് ലഭിച്ചിട്ടുമില്ല. സംസ്ഥാനത്തൊട്ടാകെ 4000 കരാറുകാരുടെ ബില്ലുകൾ ജൽജീവൻ മിഷനുമായി ബന്ധപ്പെട്ട് മാത്രം പണം ഇല്ലാതെ പിടിച്ചുവെച്ചിട്ടുണ്ട്. കുടിവെള്ള സ്രോതസ്സുപോലും കണ്ടെത്താതെയാണ് പല തദ്ദേശസ്ഥാപനങ്ങളും ജൽജീവൻ പ്രവർത്തനം തുടങ്ങിയത്.
ഏറ്റെടുത്ത ജോലികള്‍ കരാറുകാര്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. പദ്ധതിയുടെ 50 ശതമാനംതുക കേന്ദ്ര സര്‍ക്കാറും ശേഷിക്കുന്ന തുക സംസ്ഥാന സര്‍ക്കാര്‍, തദ്ദേശസ്ഥാപനം, ഗുണഭോക്താക്കള്‍ ഇവരുടെ വിഹിതമാണ്.
ഇതനുസരിച്ച് പൂര്‍ത്തിയായ പദ്ധതികളുടെ തുക കേന്ദ്രവിഹിതം ലഭിച്ചു.
പക്ഷേ, സംസ്ഥാന സര്‍ക്കാര്‍ ഈ തുക കരാറുകാര്‍ക്ക് നല്‍കാതെ വകമാറ്റിയെന്ന് മാത്രമല്ല സംസ്ഥാന വിഹിതം കരാറുകാര്‍ക്ക് നല്കാന് തയാറായതുമില്ല.
ഇക്കാരണത്താല്‍ അടുത്ത ഗഡു പണം സംസ്ഥാനത്തിന് നല്കാന് കേന്ദ്ര സര്‍ക്കാര്‍ തയാറാകുന്നില്ല.
കിഫ്ബിയെ സംസ്ഥാന സര്‍ക്കാറിന്റെ വായ്പപരിധിയില്‍ ഉള്‍പ്പെടുത്തിയതാണ് നിര്‍മാണ മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണം. കിഫ്ബി ഇനത്തില്‍ നടപ്പാക്കിയ പദ്ധതിക്ക് മാത്രം 5000 കോടിയില്‍ അധികം രൂപ കരാറുകാര്‍ക്ക് ലഭിക്കാനുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.
ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. കൂടാതെ കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതികള്‍ നടപ്പാക്കിയതിലും വന്പാളിച്ച സംഭവിച്ചു. സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ട ഭീമമായ വിഹിതം സമാഹരിക്കുന്നതിന് തടസ്സം സൃഷ്ടിച്ചതും നിര്‍മാണ മേഖലയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
ധനസഹായത്തിൽ പിടിമുറുക്കി സംസ്ഥാനത്തെ സാമ്പത്തികസ്ഥിതി വരിഞ്ഞുമുറുക്കുന്ന കേന്ദ്രനയം കാരണം കരാറുകാർക്ക് ലഭിക്കാനുള്ള കുടിശ്ശികയും തടയപ്പെടുകയാണ്. വകമാറ്റാതെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്.
എന്നാല്‍, പകരം വായ്പനിയന്ത്രണം അടിച്ചേൽപിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയം പ്രതിഷേധാര്‍ഹമാണെന്ന് കരാറുകാർ പറഞ്ഞു. വായ്പപരിധി സംബന്ധിച്ച് സുപ്രീംകോടതിയില്‍ നടക്കുന്ന കേസ് പിന്‍വലിക്കണമെന്നാണ് കരാറുകാരുടെ ആവശ്യം. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട 13,000 കോടി തടഞ്ഞുവെച്ചിരിക്കുന്ന കേന്ദ്രനിലപാട് അംഗീകരിക്കാനാവില്ലെന്ന് കേരള ഗവ. കോണ്‍ട്രാകേ്ടഴ്സ് അസോസിയേഷന് വ്യക്തമാക്കി.
ടെൻഡര്‍ എടുക്കാനുള്ള പരിധി ഉയർത്താതെ കരാറുകാരുടെ ലൈസന്‍സ് സെക്യൂരിറ്റി മൂന്നിരട്ടിയാക്കി സംസ്ഥാന ധനവകുപ്പ് വർധിപ്പിക്കുകയായിരുന്നു. 2018ലെ ഡല്‍ഹി പട്ടിക നിരക്കുകള്‍ അടിസ്ഥാനമാക്കി ഇപ്പോഴും അടങ്കലുകള്‍ തയാറാക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടും കരാറുകാരെ വിമുഖരാക്കുന്നു. 2023ലെ നിരക്കുകളിലെങ്കിലും അടങ്കലുകള്‍ തയാറാക്കുന്നില്ലെങ്കില്‍ ഏപ്രില്‍ ഒന്നു മുതല്‍ ടെൻഡറുകൾ ബഹിഷ്കരിക്കാനാണ് തീരുമാനം.
കുടിശ്ശിക 15,000 കോടിയായി ഉയര്‍ന്നതോടെ നിര്‍മാണ മേഖല പൂർണമായും സ്തംഭിക്കുന്ന ഘട്ടത്തിലെത്തി. തദ്ദേശസ്ഥാപനങ്ങൾ, പൊതുമരാമത്ത് വകുപ്പ്, ജലസേചനം, ജലഅതോറിറ്റി വകുപ്പുകളുടെ പദ്ധതികള്‍ നടപ്പാക്കിയ വകയിലാണ് ഇത്രയേറെ തുക കുടിശ്ശിക ഇനത്തില്‍ വര്‍ധിച്ചത്.
കിഫ്ബി, നബാര്‍ഡ് തുടങ്ങിയ വിഭാഗത്തില്‍ നടപ്പാക്കിയ പദ്ധതികള്‍ക്ക് ലഭിക്കേണ്ട കോടികളുടെ കണക്ക് ഇതില്‍ ഉള്‍പ്പെടുന്നില്ല.
സാമ്പത്തിക പ്രതിസന്ധി ശക്തമായ സാഹചര്യത്തില്‍ പണി പൂര്‍ണമായി നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് കരാറുകാര്‍. ഇതിനു മുന്നോടിയായി നിഷേധാത്മക നയങ്ങളില്‍ പ്രതിഷേധിച്ച് കരാറുകാർ കരിദിനം ആചരിച്ചിരുന്നു. കറുത്ത ബാഡ്ജ് ധരിച്ചും ഓഫിസുകളില്‍ കരിങ്കൊടികള്‍ ഉയര്‍ത്തിയും കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാര്‍ക്ക് സന്ദേശങ്ങള്‍ അയച്ചുമാണ് കരിദിനം ആചരിച്ചതെന്ന് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി തോമസുകുട്ടി തേവരുമുറിയില്‍ പറഞ്ഞു.
കരാറുകാരന് പണി പൂര്‍ത്തിയായി ഒരു മാസത്തിനുള്ളില്‍ 18 ശതമാനം ജി.എസ്.ടി നിര്‍ബന്ധമായും അടക്കണമെന്നാണ് വ്യവസ്ഥ. കരാര്‍ തുക അനുവദിച്ച് കിട്ടാതെ ഇത്രയും വലിയ തുക ജി.എസ്.ടി അടക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. അല്ലാത്തപക്ഷം തുല്യതുക പിഴ നല്‍കാനും കരാറുകാരന് ബാധ്യസ്ഥനാണ്. കൂടാതെ കനത്ത പലിശയും നല്‍കണം.
ഈ സാഹചര്യത്തില്‍ പണി പൂര്‍ത്തിയായാല്‍ ഒരു മാസത്തിനുള്ളില്‍ ബില്‍ തുക നല്കാൻ സര്‍ക്കാര്‍ തയാറാകുകയാണ് വേണ്ടത്. അതിനു കഴിയുന്നില്ലെങ്കിൽ ബാങ്കില്‍നിന്ന് കരാറുകാരന് ചെലവായ തുക മുന്‍കൂര്‍ അനുവദിക്കാന്‍ വ്യവസ്ഥയുണ്ടാകണം. ബാങ്കുകള്‍ മുഖേന കരാറുകാരുടെ ബില്‍ തുകകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ നല്‍കുന്നതും സര്‍ക്കാര്‍ പലിശ സഹിതം ബാങ്കുകള്‍ക്ക് പണം തിരികെ നല്‍കുന്നതുമായ സംവിധാനം നടപ്പാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.