അനധികൃത പാർക്കിങ് കാരണം ചുങ്കപ്പാറ ബസ്സ്റ്റാൻഡിന് സമീപത്തെ ഗതാഗതക്കുരുക്ക്
ചുങ്കപ്പാറ: അനധികൃത പാർക്കിങ് മൂലം ചുങ്കപ്പാറ ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. ചുങ്കപ്പാറ-കോട്ടാങ്ങൽ റോഡിൽ ജങ്ഷൻ മുതൽ റോഡിന്റെ ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പതിവായതോടെ ഗതാഗതം തടസ്സപ്പെടുന്ന അവസ്ഥയാണ്.
ബസ്സ്റ്റാഡിലേക്ക് വാഹനങ്ങൾ കയറുന്നതും ഇറങ്ങുന്നതും ഒരേ വഴിയിലൂടെയായതിനാൽ പ്രവേശനകവാടത്തെ പാർക്കിങ് കാരണം സ്റ്റാൻഡിൽനിന്ന് വാഹനങ്ങൾ ഇറങ്ങി വരുന്നതിന് പലപ്പോഴും തടസ്സമാകുകയാണ്.
ചിലപ്പോൾ വാഹനം പാർക്ക് ചെയ്തവരെത്തി മാറ്റുന്നതുവരെ കാത്തുകിടക്കേണ്ട ഗതികേടാണ്. ഇത് ഏറെ നേരം ടൗണിൽ ഗതാഗതക്കുരുക്കിനും കാരണമാകുന്നു. സ്റ്റാൻഡിൽനിന്ന് ഇറങ്ങിവരുന്ന വാഹനങ്ങൾക്ക് റോഡിൽ എത്തിയാൽ മാത്രമാണ് ഇരുദിശയിൽനിന്നും അമിത വേഗത്തിൽ വരുന്ന വാഹനങ്ങൾ കാണാൻ കഴിയുന്നത്. വാഹനങ്ങളുടെ അമിത വേഗവും അനധികൃത പാർക്കിങ്ങും നിരവധി അപകടങ്ങൾക്കും കാരണമായിട്ടുണ്ട്.
കാൽനടക്കാർക്കും ഭീഷണിയാണ്. ടൗൺ മുതൽ എസ്.എൻ.ഡി.പി പടിവരെ റോഡിന്റെ ഇരുവശത്തും അലക്ഷ്യമായി വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ മണിക്കൂറുകളോളം വാഹനങ്ങൾ പാർക്ക് ചെയ്തിട്ട് പോകുന്നത് വ്യാപാരികൾക്കും ദുരിതമാകുകയാണ്. അനധികൃത പാർക്കിങ് ഒഴിവാക്കാൻ നടപടി ഉണ്ടാകണമെന്ന ആവശ്യത്തിന് പഴക്കം ഏറെയുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.