പത്തനംതിട്ട: സംസ്ഥാന കമ്മിറ്റി അംഗമായ സി.പി എം മുന്‍ ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു സംസ്ഥാന സെക്രട്ടേറിയറ്റില്‍ അംഗമാകുമെന്ന പ്രതീക്ഷക്ക് മങ്ങലേറ്റു. എ.ഡി.എം നവീന്‍ബാബു വിഷയത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെയും കണ്ണൂര്‍ ലോബിയെയും പ്രതിസന്ധിയിലാക്കിയ ഉദയഭാനുവിനെ സെക്രട്ടേറിയറ്റിന്റെ ഏഴയലത്ത് അടുപ്പിക്കാന്‍ പിണറായി സമ്മതിച്ചില്ല. അനുകൂലഘടകങ്ങള്‍ ഒരുപാടുണ്ടായിരുന്നു ഉദയഭാനുവിന്. തുടര്‍ച്ചയായി രണ്ടു വട്ടം ജില്ലയിലെ മുഴുവന്‍ നിയമസഭ മണ്ഡലങ്ങളും തൂത്തുവാരി.
യു.ഡി.എഫിന്റെ കുത്തകയായിരുന്ന ജില്ല രണ്ടുവട്ടം തൂത്തുവാരി പിടിച്ചെടുത്തു. കഴിഞ്ഞ തദ്ദേശ തെരഞ്ഞടുപ്പില്‍ ജില്ല പഞ്ചായത്ത് ഭരണം, ഒട്ടുമിക്ക തദ്ദേശസ്ഥാപനങ്ങളിലെയും അധികാരം, മറ്റു പാര്‍ട്ടികളില്‍നിന്ന് സി.പി.എമ്മിലേക്കുള്ള പ്രവർത്തകരുടെ വരവ് തുടങ്ങിയ അനുകൂല ഘടകങ്ങളിലൂടെ ഉദയഭാനു സംസ്ഥാന സെക്രട്ടേറിയറ്റില്‍ കടന്നു വരുമെന്നായിരുന്നു പ്രതീക്ഷ.
സംസ്ഥാന സെക്രട്ടേറിയറ്റില്‍ വരുന്നതോടെ ഉദയഭാനു കോന്നിയില്‍നിന്ന് നിയമസഭയിലേക്ക് മത്സരിക്കാനും തയാറെടുത്തിരുന്നു. എ.ഡി.എം നവീന്‍ ബാബു വിഷയത്തിൽ കണ്ണൂര്‍ ലോബിയുടെ സംരക്ഷണം ഉണ്ടായിട്ടും പി.പി. ദിവ്യക്ക് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടി വന്നതും ജയിലില്‍ പോകേണ്ടി വന്നതും സി.പി.എം ജില്ല നേതൃത്വം സ്വീകരിച്ച ശക്തമായ നിലപാടായിരുന്നെന്നാണ് പറയുന്നത്.
ഇതാണ് പിണറായിയെയും കണ്ണൂര്‍ ലോബിയെയും ചൊടിപ്പിച്ചത്. ഒടുവില്‍ കര്‍ശന താക്കീത് കൊടുത്താണ് ജില്ലയിലെ നേതൃത്വത്തെ നിലക്ക് നിര്‍ത്തിയത്. പിണറായിയുടെ അതൃപ്തി മനസ്സിലാക്കിയ ഉദയഭാനു സംസ്ഥാന സെക്രട്ടേറിയറ്റില്‍ കടക്കാന്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റ സഹായം തേടിയെന്നാണ് പാര്‍ട്ടിയിലെ ഒരു പക്ഷം പ്രചരിപ്പിക്കുന്നത്. തന്റെ വിശ്വസ്തനായ കൊടുമണ്‍ ഏരിയ കമ്മിറ്റി അംഗത്തിന്റെ കൂടെയായിരുന്നു വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ചത് എന്നാണ് പ്രചാരണം. എന്നാല്‍, എസ്.എന്‍.ഡി.പി യോഗ നേതാക്കളൊന്നും ഇത് അറിഞ്ഞിട്ടില്ല എന്നാണ് പറയുന്നത്.
ഉദയഭാനു സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെട്ടാല്‍ അദ്ദേഹത്തിന്റെ ഒഴിവില്‍ മൂന്നു പേരുകളാണ് ജില്ലയില്‍നിന്ന് ഉയര്‍ന്നത്. മുന്‍ എം.എല്‍.എയും തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്ന എ. പത്മകുമാര്‍, സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റും സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ പി.ബി. ഹര്‍ഷകുമാര്‍, ജില്ല സെക്രട്ടേറിയറ്റ് അംഗം ആര്. സനല്‍കുമാര്‍ എന്നിവരാണ് സംസ്ഥാന കമ്മിറ്റി അംഗത്വം പ്രതീക്ഷിച്ചിരുന്നത്. ഇതിനായി ഇവര്‍ കരുനീക്കവും നടത്തിയിരുന്നു. താന്‍ സംസ്ഥാന കമ്മിറ്റി അംഗത്വം ആഗ്രഹിച്ചിരുന്നുവെന്നാണ് എ. പത്മകുമാര്‍ പറഞ്ഞത്. ഹര്ഷകുമാറാകട്ടെ സംസ്ഥാന നേതൃത്വത്തിന്റെ പ്രീതി പിടിച്ചുപറ്റാന്‍ വേണ്ടിയാണ് ആശ വര്‍ക്കര്‍മാരുടെ സമരനേതാവ് എസ്. മിനിയെ അധിക്ഷേപിച്ച് സംസാരിച്ചത്.
എം.വി. ഗോവിന്ദന് ഇത് തള്ളുകയും ചെയ്തു. ആര്. സനല്‍കുമാറിന് തിരിച്ചടിയായത് തിരുവല്ലയിലെ കടുത്ത വിഭാഗീയതയും ഇതു സംബന്ധിച്ചുള്ള വിവാദങ്ങളുമാണ്. രാജു ഏബ്രഹാം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വന്നാല്‍ ജില്ല സെക്രട്ടറി സ്ഥാനം ഒഴിവുവരുമെന്നും അപ്പോള്‍ അത് കിട്ടുമെന്ന് കരുതിയിരുന്ന നേതാക്കളുമുണ്ട്. ഉദയഭാനുവിന് സംസ്ഥാന സെക്രട്ടേറിയറ്റില്‍ പ്രവേശനം ലഭിക്കാതെ വന്നതോടെ ഈ സമവാക്യങ്ങള്‍ എല്ലാം മാറി മറിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.