കലഞ്ഞൂർ: ബയോമെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റിന് ഏനാദിമംഗലം പഞ്ചായത്തിൽ ഇളമണ്ണൂരിലെ കിൻഫ്ര പാർക്കിൽ അനുമതി നൽകിയതിൽ വൻ പ്രതിഷേധം ഉയരുന്നു. സ്റ്റേറ്റ് ലെവൽ എൻവയൺമെന്റ് ഇംപാക്റ്റ് അസസ്മെന്റ് അതോറിറ്റി ഫെബ്രുവരി 25നാണ് പ്ലാന്റിന് പരിസ്ഥിതി അനുമതി നൽകിയത്. ജനങ്ങളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്നതും പതിനായിരങ്ങളുടെ ഉപജീവനത്തിന് തിരിച്ചടിയാകുന്നതുമായ സംസ്കരണ പ്ലാന്റ് ഒരു കാരണവശാലും നടപ്പാക്കാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ പറയുന്നു.
കിൻഫ്ര പാർക്കിൽ പ്രവർത്തിക്കുന്ന നിരവധി ഭക്ഷ്യ സംസ്കരണ ഫാക്ടറികൾക്ക് മാലിന്യസംസ്കരണ പ്ലാന്റ് ഭീഷണിയാണെന്ന് തൊഴിലാളികളും പറയുന്നു. ഇന്ത്യയൊട്ടാകെ വിപണനം ചെയ്യുന്ന വലിയ രീതിയിൽ പ്രവർത്തിക്കുന്ന കമ്പനികളുണ്ട്. അവരുടെ ഉൽപന്നങ്ങൾ അന്നന്ന് വാങ്ങിപോയില്ലെങ്കിൽ കമ്പനികളെല്ലാം അടച്ചുപൂട്ടേണ്ടി വരുമെന്ന് മാത്രമല്ല ഈ പ്രദേശങ്ങൾ എല്ലാം തന്നെ മാലിന്യക്കൂമ്പാരമായി മാറും. ഏനാദിമംഗലത്തെ കിൻഫ്ര പാർക്ക് ഒരു ഫുഡ് പാർക്കായി ആരംഭിച്ചിരുന്നെങ്കിലും പിന്നീട് പ്ലാസ്റ്റിക്, കയർ വ്യവസായങ്ങൾകൂടി ഇവിടെ തുടങ്ങി.
കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തോടെ പ്രവർത്തിക്കുന്ന നിരവധി ഫുഡ് പ്രോസസിങ് യൂനിറ്റുകൾ ഇവിടെ പ്രവർത്തിച്ചുവരുന്നു. ഫുഡ് പ്രോസസിങ് യൂനിറ്റുകളിൽനിന്ന് 100 മീറ്റർ അകലം മാത്രം പാലിച്ചാണ് ബയോമെഡിക്കൽ മാലിന്യസംസ്കരണ പ്ലാന്റ് നിർമിക്കാൻ ഉദ്ദേശിക്കുന്നതെന്ന് അറിയുന്നു. ഇതു ഭക്ഷ്യസുരക്ഷക്കും ആരോഗ്യത്തിനും ഗുരുതരമായ ഭീഷണിയാണ്. കിണറുകൾ, അരുവികൾ, തോടുകൾ, കുളങ്ങൾ എന്നിവ അടക്കം നിരവധി ശുദ്ധജലസ്രോതസ്സുകൾ പ്ലാന്റിന് സമീപത്തായുണ്ട്. ഗ്രാമത്തിലെ ഏറ്റവും ഉയർന്ന പ്രദേശത്താണ് ഈ പ്ലാന്റ് നിർമിക്കുന്നത്, അതിനാൽതന്നെ ജല-വായു മലിനീകരണ സാധ്യത വളരെ കൂടുതലാണ്. പ്ലാന്റിന്റെ നാലു കിലോമീറ്റർ ചുറ്റളവിൽ ഏഴോളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പഞ്ചായത്ത് ഓഫിസ്, മൃഗാശുപത്രി, രജിസ്ട്രേഷൻ ഓഫിസ്, ബാങ്കുകൾ, നാല് ആരാധനാലയങ്ങൾ തുടങ്ങി ജനജീവിതത്തിന് അത്യാവശ്യമായ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
ഹൈദരാബാദിലെ പ്രഗതി ലാബ്സിന്റെ പാരിസ്ഥിതിക പഠനത്തെ അടിസ്ഥാനമാക്കി നടത്തിയ പൊതുജന തെളിവെടുപ്പിൽ, നാട്ടുകാർ ശാസ്ത്രീയമല്ലാത്തതെന്നു പറഞ്ഞു തള്ളിക്കളഞ്ഞിരുന്നു. പലതവണ ശക്തമായ എതിർപ്പ് ഉയർത്തിയെങ്കിലും സർക്കാർ നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു. മാലിന്യ സംസ്കാര പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം ജനങ്ങളോടുള്ള കൊടും ചതിയാണെന്ന് ആന്റോ ആന്റണി എം.പി പ്രസ്താവനയിൽ പറഞ്ഞു. ജനങ്ങളോടൊപ്പം നിന്ന് അതിശക്തമായ സമര പരിപാടികളുമായി മുമ്പോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ജീവനും പരിസ്ഥിതിക്കും ഭീഷണിയാകുന്ന മാലിന്യസംസ്കരണ പ്ലാന്റ് ഇളമണ്ണൂരിൽ തുടങ്ങാൻ ഒരു കാരണവശാലും അനുവദിക്കില്ലന്ന് എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.