കൊടുമൺ: സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ പ്ലാന്റേഷൻ കോർപ്പറേഷനിൽ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നൽകാൻ പണമില്ല. ലക്ഷങ്ങൾ മുടക്കി ‘ഥാർ’ ജീപ്പുകൾ വാങ്ങാൻ നീക്കം.
കഴിഞ്ഞ എട്ടരവർഷമായി പ്ലാന്റേഷൻ കോർപ്പറേഷൻ തൊഴിലാളികൾക്ക് പല ആനുകുല്യങ്ങളും കിട്ടാക്കനിയാണ്. പല സന്ദർഭങ്ങളിലും തൊഴിലാളികളുടെ ശമ്പളം പോലും മുടങ്ങുന്ന അവസ്ഥയാണ്. ഇതിനോടകം തന്നെ 50 കോടി രൂപ ബാങ്കിൽ നിന്ന് വായ്പ എടുത്താണ് ദൈനംദിന കാര്യങ്ങൾക്ക് വിനിയോഗിക്കുന്നത്. ബാങ്കിൽ നിന്നുള്ള വായ്പകൾ ബാധ്യതയായി നിൽക്കുന്നു.
2017-’18 ലെ ബോണസ് കുടിശ്ശിക, യൂനിഫോം, അറ്റൻഡൻസ് മോട്ടിവേഷൻ, ഭക്ഷണ അലവൻസ്, വിവാഹ-വിദ്യാഭ്യാസ ധനസഹായ വായ്പകൾ തുടങ്ങിയവയും തൊഴിലാളികൾക്ക് വിതരണം ചെയ്തിട്ടില്ല. തൊഴിലാളിക്ക് കൂലി കൊടുക്കാൻ പണമില്ലെങ്കിലും മാനേജ്മെന്റിന്റെ ധൂർത്തിന് ഒരു കുറവുമില്ല. ഇപ്പോൾ അനാവശ്യമായി ആഡംബര വാഹനങ്ങൾ വാങ്ങാനുള്ള നീക്കവുമായി മാനേജ്മെന്റ് മുമ്പോട്ട് പോവുകയാണെന്ന് തൊഴിലാളികൾ പറഞ്ഞു. എസ്റ്റേറ്റുകളുടെ ദൈനംദിന കാര്യങ്ങൾക്കായി ടിപ്പർ ലോറികൾ, പ്ലാറ്റ്ഫോം ലോറികൾ, ടാങ്കർ ലോറികൾ എന്നിവ വാങ്ങാനുള്ള മാനേജ്മെന്റ് തീരുമാനം അംഗീകരിക്കുന്ന തൊഴിലാളി യൂനിയനുകൾ ഇതിനോടൊപ്പം ആഡംബര വാഹങ്ങൾ വാങ്ങിക്കൂട്ടുന്നതിനെ എതിർക്കുന്നു. ഒരെണ്ണത്തിന് 14 ലക്ഷത്തോളം രൂപ വിലവരുന്ന ഒമ്പത് ‘ഥാർ’ ജീപ്പുകൾ വാങ്ങാനുള്ള നീക്കം ഒട്ടും നീതീകരിക്കാൻ പറ്റുന്നതല്ലെന്ന് തൊഴിലാളികൾ വ്യക്തമാക്കി.
1962ൽ രൂപീകൃതമായ കോർപ്പറേഷന്റെ കീഴിൽ 14,196 ഹെക്ടറോളം സ്ഥലത്ത് റബർ, കശുവണ്ടി, എണ്ണപ്പന അടക്കം കൃഷിയാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കൊടുമൺ, ചന്ദനപ്പള്ളി, തണ്ണിത്തോട് തുടങ്ങിയ എസ്റ്റേറ്റുകളിൽ റബർ കൃഷിയാണ് കൂടുതലും. പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലായി വ്യാപിച്ച് കിടക്കുകയാണ് തോട്ടം. തൊഴിലാളികളും ജീവനക്കാരുമായി 4000ത്തിൽ പരം പേർ ജോലി ചെയ്യുന്നുണ്ട്.
ആഡംബര വാഹനങ്ങൾ വാങ്ങിക്കൂട്ടാനുള്ള നീക്കം അടിയന്തരമായി പിൻവലിക്കണമെന്ന് ഐ.എൻ.ടി. യു.സി സംസ്ഥാന സമിതി അംഗം അങ്ങാടിക്കൽ വിജയകുമാർ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം സമരപരിപാടികൾക്ക് യൂനിയൻ നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.