കൊടുമൺ: ജന്മനായുള്ള വൈകല്യങ്ങളിൽ തളരാത്ത മനസ്സുമായി പാർഥിപ് എഴുതി കയറിയത് ആതുര സേവന രംഗത്തേക്ക്. ജന്മനാ രണ്ടു കാലുകളുടെ അസ്ഥികൾക്കും ബലമില്ലാത്ത അവസ്ഥയായിരുന്നു പാർഥിപന്. എന്നിരുന്നാലും പഠനത്തിലും ചിത്രം വരയ്ക്കാനും അങ്ങാടിക്കൽ തെക്ക് വയണ കുന്നിൽ പ്ലാങ്കൂട്ടത്തിൽ പാർഥിപന്റെ കഴിവ് വേറെ തന്നെയാണ്. ഓസ്റ്റിയോ ജെൻസീസ് ഇംപർഫെക്ട് എന്ന അപൂർവ രോഗമാണ് പാർഥിപനുള്ളത്. നടക്കാറായപ്പോൾ വീണ് എല്ല് ഒടിയുമായിരുന്നു. അങ്ങനെ ഇതുവരെ 12 പ്രാവശ്യം ശസ്ത്രക്രിയ നടത്തേണ്ടി വന്നു. ചെറുപ്പം മുതൽ ഡോക്ടർ ആകണമെന്ന ആഗ്രഹമാണ് ഈ കൊച്ചു മിടുക്കനുണ്ടായിരുന്നത്. ശരീരം ചില സമയങ്ങളിൽ അതിന് അനുവദിക്കുന്നില്ലെങ്കിലും ആ മനസ്സ് തളർന്നില്ല. ചെറുപ്പം മുതൽ പഠിക്കാനുള്ള കഴിവ് കണ്ട മകനെ മാതാപിതാക്കളായ പ്രദീപും ഇന്ദുവും സഹോദരൻ പ്രണവും അധ്യാപകരുടെയും പ്രോത്സാഹിപ്പിച്ചതോടെ പഠനത്തിൽ മിടുക്കനായി മാറി. എസ്.എസ്.എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു. പിന്നീട് മെഡിക്കൽ പ്രവേശനമെന്ന ലഷയത്തിലേക്ക് ശ്രദ്ധ മാറി. അതും ഇപ്പോൾ യാഥാർഥ്യമായി. പഴ്സൺ വിത്ത് ഡീസബിലിറ്റി കാറ്റഗറി റിസർവേഷനിലൂടെ തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് എം.ബി.ബി.എസ് പ്രവേശനം ലഭിച്ചിരിക്കുന്നത്.
അങ്ങാടിക്കൽ എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂളിലാണ് പാർഥിപ് പഠിച്ചത്. സഹപാഠികളായിരുന്നു സ്കൂളിൽ പാർഥീപിന്റെ സഹായികൾ. രാവിലെ സ്കൂളിൽ എത്തിയാൽ മടങ്ങുന്നംവരെ എല്ലാ കാര്യങ്ങളും കൂട്ടുകാരായിരുന്നു നോക്കിയിരുന്നത്. സൈക്കിൾ കയറണമെന്ന് തോന്നിയാൽ അവർ നാലുവശത്തുംനിന്ന് സുരക്ഷിതമായി ഉന്തികൊണ്ടു നടക്കും.
തിരുവനന്തപുരത്ത് അമൃതവർഷിണി എന്ന സംഘടനയുടെ സഹായം കൂടി ലഭിച്ചതോടെ പഠനത്തിൽ മുന്നേറാൻ കഴിഞ്ഞു. കോട്ടയം സ്വദേശികളായ അബി-ടീന ദമ്പതികളുടെ സഹായത്താൽ ബംഗളൂരുവിൽ നിന്നുള്ള പ്രത്യേകതരം വാഹനത്തിലാണ് സ്കൂളിൽ പോയിരുന്നത്. എഴുത്തിലും ചിത്രരചനയിലും കുട്ടിക്കാലം മുതലേ മായാജാലം തീർത്തിരുന്നു ഈ മിടുക്കൻ. വലതു കൈകൊണ്ട് ഏതക്ഷരം എഴുതിയാലും അതേ രീതിയിൽ തന്നെ അക്ഷരവടിവോടെ ഭംഗിയായി തിരിച്ചും എഴുതാനുള്ള അപൂർവ കഴിവിന്റെ ഉടമയാണ്. രണ്ടുവയസ്സു മുതൽ കൈകൾ കൊണ്ട് എഴുതുകയും ചിത്രം വരയ്ക്കുകയും ചെയ്യും. സാധാരണ ഇടതു കൈകൊണ്ട് എഴുതുമ്പോൾ അക്ഷരങ്ങളുടെ ചാരുത നഷ്ടപ്പെടാം. എന്നാൽ ഈ മിടുക്കന് ഇടം, വലം കൈകൾക്ക് ഒരുപോലെ അക്ഷര വടിവുണ്ട്. നാട്ടിലും സ്കൂളിലും താരമായ പാർഥിപ് ഇപ്പോൾ മെഡിക്കൽ പ്രവേശനം കൂടി ലഭിച്ചതോടെ സൂപ്പർതാരമായി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.