ചിറ്റാർ: മലയോര ജില്ലയിലെ പ്രധാന കാര്‍ഷിക വിളകളിലൊന്നായ കോലിഞ്ചിക്ക് വിലയിടിപ്പിച്ച് വൻകിട മരുന്നു കമ്പനികൾ. വിളവെടുപ്പുകാലത്തുണ്ടായ വിലയിടിവ് കര്‍ഷകരെ ദുരിതത്തിലാക്കി. കാട്ടുമൃഗങ്ങളോടു പടവെട്ടി കഴിയേണ്ടിവരുന്ന കര്‍ഷക കുടുംബങ്ങളുടെ പ്രധാന വരുമാനമാര്‍ഗമാണ് കോലിഞ്ചി കൃഷി.
മുന്‍ വര്‍ഷങ്ങളില്‍ 11 കിലോ ഉണങ്ങിയ കോലിഞ്ചിക്ക് 1500 രൂപയോളം വില ലഭിച്ചപ്പപ്പോള് ഇത്തവണ 900 രൂപ മാത്രമാണ് ലഭിക്കുന്നത്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടങ്ങിവെച്ച പകരച്ചുങ്കം മത്സരത്തിൽ വീണ്ടും വിലയിടിവിന് സാധ്യതയുണ്ട്. ഉൽപാദനച്ചെലവും അധ്വാനവുമായി താരതമ്യപ്പെടുത്തുമ്പോൾ കൃഷി നഷ്ടമാണെന്ന് കര്‍ഷകർ പറയുന്നു. ന്യായമായ വില മുമ്പ് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പലരും കോലിഞ്ചി കൃഷിയിലേക്ക് തിരിഞ്ഞു. വന്യമൃഗശല്യം രൂക്ഷമായ കിഴക്കൻ മലയോര മേഖലയിലാണ് കോലിഞ്ചി വ്യാപകമായി നട്ടു തുടങ്ങിയത്. കാട്ടുമൃഗങ്ങൾ കോലിഞ്ചി കൂടുതലായി നശിപ്പിക്കാറില്ലെന്നതു തന്നെ ഇതിനു കാരണമായി. തൊഴിലാളികളുടെ കൂലി വര്‍ധിച്ചതും വളത്തിനു മറ്റും വിലയേറിയതുമെല്ലാം കൃഷിയെ ബാധിച്ചു. ഇതിനനുസൃതമായ വില ലഭിക്കുന്നില്ല.
കോന്നി താലൂക്കിലെ തണ്ണിത്തോട്, തേക്കുതോട്, മണ്ണീറ, ചിറ്റാർ, സീതത്തോട്, കൊക്കാത്തോട് തുടങ്ങി മലയോര മേഖലയിലെ നിരവധി കര്‍ഷകരാണ് കോലിഞ്ചി പ്രധാന കൃഷിയായി ചെയ്യുന്നത്. മഴ തുടങ്ങി ജൂൺ, ജൂലൈ മാസങ്ങളിലാണ് കോലിഞ്ചി കൃഷി ചെയ്യുന്നത്. ഫെബ്രുവരി, മാര്‍ച്ച് ആകുമ്പോഴേക്കും വിളവെടുപ്പു കാലമാണ്. കൃഷി ചെയ്ത് മൂന്നാം വര്‍ഷമാണ് കോലിഞ്ചി വിളവെടുപ്പ്. ഏഴ് അടി വരെ ഉയരത്തിൽ വളരുന്ന കോലിഞ്ചി ഇഞ്ചിയുടെ വര്‍ഗത്തില്‍പെട്ട ചെടിയാണ്. ഔഷധ നിര്‍മാണത്തിനും സുഗന്ധലേപനങ്ങൾ തയാറാക്കാനുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
തൊലി കളഞ്ഞ് ഉണക്കണം
കോലിഞ്ചി കൃഷിക്ക് ചെലവ് കുറവാണെങ്കിലും പാകമായ കോലിഞ്ചി കിളച്ച് ചുരണ്ടി നല്ല വെയിലിൽ ഉണക്കി പാകപ്പെടുത്തി വിൽപനക്ക് എത്തിക്കുമ്പോൾ ചെലവ് ഏറെയാണ്. വേര് ചെത്തിയതിനു ശേഷമാണ് പുറംതൊലി കളയുന്നത്. ഈ പ്രക്രിയക്ക് കോലിഞ്ചി കര്ഷകന് കൂടുതൽ തൊഴിലാളികളുടെ സഹായം വേണ്ടിവരും.
വേരുകൾ ചെത്തി കോലിഞ്ചി പത്ത് ദിവസമെങ്കിലും വെയിലില്‍ ഉണക്കണം. മലയോര ഗ്രാമങ്ങളിൽ വനമേഖലയോടു ചേര്‍ന്ന പാറപ്പുറങ്ങളിലും മറ്റുമാണ് കോലിഞ്ചി ഉണക്കാൻ ഇടുന്നത്. രൂക്ഷ ഗന്ധമുള്ളതിനാൽ കീടങ്ങളുടെയും വന്യമൃഗങ്ങളുടെയും ആക്രമണവും പേടിക്കേണ്ടതില്ല.
വില സ്ഥിരതയില്ലായ്മ
അന്താരാഷ്ട്ര മാർക്കറ്റിൽ കോലിഞ്ചിക്ക് വൻ വില ലഭിക്കുന്നുണ്ട്. നിരവധി ഔഷധഗുണങ്ങളുള്ള കോലിഞ്ചി കൃഷി ചെയ്യുന്ന കർഷകർ നേരിടുന്ന പ്രധാന പ്രശ്നം വിലസ്ഥിരതയില്ല എന്നതാണ്.
പ്രധാന വിളയായും ഇടവിളയായും മലയോര മേഖലയിൽ നടത്തുന്ന കോലിഞ്ചി കൃഷി ഈ മേഖലയിലെ പ്രധാന വരുമാന സ്രോതസ്സുകൂടിയാണ്. കോന്നി, റാന്നി താലൂക്കുകളിൽ വ്യാപകമായി കോലിഞ്ചി കൃഷി നടത്തുന്നുണ്ട്. ഇവിടെ സംഭരിക്കുന്ന കോലിഞ്ചി കൊച്ചിയിലെത്തിച്ച് വിദേശത്തേക്ക് കയറ്റിയയക്കുകയാണ് പതിവ്. ഇടനിലക്കാരെത്തിയാണ് കോലിഞ്ചി വാങ്ങുന്നത്. വില നിയന്ത്രണത്തിൽ കര്‍ഷകര്‍ക്ക് നേരിട്ടു ബന്ധമില്ല. അന്താരാഷ്ട്ര മാര്‍ക്കറ്റിൽ കോലിഞ്ചിക്ക് വില സ്ഥിരതയുണ്ടെങ്കിലും കര്‍ഷകര്‍ക്ക് ഇതു ലഭിക്കാറില്ല.
ഇതിനു പരിഹാരമായി കോലിഞ്ചി കർഷകരുടെ കൺസോർട്യം രൂപവത്കരിച്ച് രണ്ടുവർഷം മുമ്പ് സർക്കാർ ചില ഇടപെടലുകൾ നടത്തിയിരുന്നു. സീതത്തോട് കേന്ദ്രീകരിച്ചായിരുന്നു കൺസോർട്യത്തിന്റെ പ്രവർത്തനം. വില സ്ഥിരത ഉറപ്പാക്കാനും വിപണി കണ്ടെത്താനും സഹായിക്കാനായിരുന്നു ഇത്. എന്നാൽ, കൺസോർട്യം പ്രവർത്തനവും മന്ദീഭവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.