കോന്നി: അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കേണ്ട 108 ആംബുലൻസ് സംവിധാനം നിസ്സാര കാര്യങ്ങൾക്ക് പോലും പത്തനംതിട്ട ജില്ല ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പറഞ്ഞയക്കുന്നത് സേവനത്തെ സാരമായി ബാധിക്കുന്നു.
അപകടങ്ങൾ പോലെ ഉള്ള അടിയന്തര സാഹചര്യങ്ങളിൽ മാത്രമാണ് 108 ആംബുലൻസ് സേവനം ഉപയോഗപ്പെടുത്തേണ്ടത്. ജില്ല ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കാണ് കൂടുതലും ഗുരുതരാവസ്ഥയിലായ രോഗികളെ കൊണ്ടുപോകുന്നത്.
എന്നാൽ, ജില്ല ആശുപത്രിയിൽ ചികിത്സ നൽകേണ്ട രോഗികളെ പോലും കിടക്ക ഒഴിവില്ല എന്ന കാരണത്താൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പറഞ്ഞു വിടുന്നതാണ് ഇപ്പോഴത്തെ രീതി. ഇതിനാൽ തന്നെ അടിയന്തര സാഹചര്യങ്ങളിൽ 108 ആംബുലൻസ് സേവനം ജനങ്ങൾക്ക് ലഭ്യമാകാതെ വരുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ രണ്ട് 108 ആംബുലൻസുകളാണ് നിലവിൽ ഉള്ളത്.
ഇവക്ക് പുറമെ ജില്ലയിലെ കോന്നി, ചിറ്റാർ, ഏനാദിമംഗലം, അടൂർ, വെച്ചൂച്ചിറ തുടങ്ങി ജില്ലയിലെ പല സ്ഥലങ്ങളിലെയും ആംബുലൻസുകൾ ഈ രീതിയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വിടുകയാണ് ചെയ്യുന്നത്. ഈ നില തുടർന്നാൽ ശബരിമല മണ്ഡല കാലം ആരംഭിച്ചതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന അപകടങ്ങളിൽ പോലും ഉപയോഗപ്പെടുത്താൻൻ 108 ആംബുലൻസുകൾ ഇല്ല എന്നതാവും സ്ഥിതി.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് 68 കിലോമീറ്ററാണുള്ളത്. പരമാവധി വേഗതയിൽ പോയാൽ ഒന്നര മണിക്കൂർ കൊണ്ടാണ് കോട്ടയത്ത് രോഗിയെ എത്തിക്കാൻ സാധിക്കുക. തിരികെ വരാൻ ഇതിൽ കൂടുതൽ സമയം വേണം. ഇതിനിടെ പത്തനംതിട്ടയിൽ അടിയന്തര സാഹചര്യം ഉണ്ടായാൽ ഈ രോഗിയെ കോട്ടയത്ത് എത്തിക്കുവാൻ കഴിയാതെ വരുന്നു.
രാവിലെ മുതൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഓരോ അഞ്ചു മിനിറ്റ് കൂടുമ്പോഴും വരുന്ന ചെറുതും വലുതുമായ കേസുകൾ രോഗത്തിന്റെ തീവ്രത നോക്കാതെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് അയക്കുന്നത് സേവനം കിട്ടേണ്ട രോഗികളോടുള്ള അനീതി ആണെന്നും ആക്ഷേപം ഉയരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.