കോന്നി: കൂടൽ നെടുമൺകാവ് ജങ്ഷൻ മുതൽ ഗാന്ധി ജങ്ഷൻ വരെയുള്ള ഭാഗത്ത് തുടർച്ചയായി അപകടങ്ങൾ വർധിച്ചിട്ടും നടപടിയില്ല. മുൻ വർഷങ്ങളിൽ അടക്കം നിരവധി വാഹനാപകടങ്ങളാണ് നടന്നിട്ടുള്ളത്.
ശബരിമല മണ്ഡലകാലത്താണ് ഈ ഭാഗത്ത് ഏറ്റവും കൂടുതൽ അപകടം നടന്നിട്ടുള്ളത്. 2023ൽ ശബരിമല അയ്യപ്പ ഭക്തരുടെ വാഹനം നിയന്ത്രണം വിട്ട് ടിപ്പർ ലോറിയിൽ ഇടിച്ച് അഞ്ച് അയ്യപ്പഭക്തർക്ക് പരിക്കേറ്റിരുന്നു. ഇതിന് മുമ്പ് അയ്യപ്പ ഭക്തർ സഞ്ചരിച്ച മിനിബസ് നിയന്ത്രണം വിട്ട് മറിഞ്ഞും അയ്യപ്പഭക്തന് പരിക്കേറ്റു. ഇരുചക്ര വാഹ്നയാത്രക്കാർ അപകടത്തിൽപെട്ടതും അനവധിയാണ്.
ചെറുതും വലുതുമായ വാഹനാപകടങ്ങളിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ട സംഭവങ്ങളും ഒട്ടേറെയുണ്ട്. നിരവധി വാഹനാപകടങ്ങൾ നടന്നിട്ടും റോഡിലെ അപകടകരമായ വളവുകളുള്ള ഭാഗങ്ങളിൽ അധികൃതർ ദിശാ സൂചികകകൾ സ്ഥാപിക്കുകയോ അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയോ ചെയ്തിട്ടില്ല.
നെടുമൺകാവ് ജങ്ഷൻ ഭാഗത്ത് റോഡിനു വീതി കുറവായതും അപകടങ്ങൾ വർധിപ്പിക്കുന്നു. ശബരിമല മണ്ഡലകാലം ആരംഭിച്ചുകഴിഞ്ഞാൽ തിരുവനന്തപുരം, കൊല്ലം, തമിഴ്നാട്, ആന്ധ്ര തുടങ്ങിയ സ്ഥലങ്ങളിൽനിന്നെല്ലാം നിരവധി അയ്യപ്പ ഭക്തരാണ് ഈ വഴി കടന്നുവരുന്നത്. മണ്ഡലകാലത്ത് ഒട്ടേറെ അപകടങ്ങളും വർധിക്കുന്നുണ്ട്. വാഹനങ്ങളുടെ അമിത വേഗവും അപകടങ്ങൾ വർധിപ്പിക്കുന്നു.
രാത്രിയിലും പുലർച്ചയുമാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്നിട്ടുള്ളത്. വാഹനങ്ങളുടെ അമിത വേഗം കുറക്കുവാൻ പലയിടത്തും കാമറകൾ സ്ഥാപിക്കണം എന്നും ആവശ്യം ഉയരുന്നു. കോന്നി താലൂക്ക് വികസന സമിതിയിൽ അടക്കം വിഷയം ഉയർന്നിട്ടും ഒരു നടപടിയും ഉണ്ടായില്ല.
കൂടൽ നെടുമൺകാവിൽ പിക്അപ് വാനിന് പിന്നിൽ ഇടിച്ച് തകർന്ന കാർ
കുട്ടി അടക്കം ആറുപേരാണ് കാറിൽ ഉണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. അപകടത്തിൽ കാറിന്റെ മുൻ ഭാഗം തകർന്നു. പരിക്കേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൂടൽ പൊലീസ് നടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.