മാവോയിസ്റ്റ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ജവാനെ പോരാട്ട ഭൂമിയിൽ നിന്ന് ധീരതയോടെ രക്ഷിച്ച് മലയാളി വനിത പൈലറ്റ്. കോന്നി ആമകുന്ന് കൊണ്ടോടിക്കൽ വീട്ടിൽ റീന വർഗീസ് ആണ് സാഹസിക രക്ഷാപ്രവർത്തനത്തിലൂടെ നാടിന് അഭിമാനമായത്.
മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിൽ ദിവസങ്ങൾക്കു മുൻപ് നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ പരിക്കേറ്റ ജവാനെയാണ് സ്വന്തം ജീവൻ പണയപ്പെടുത്തി ഹെലികോപ്ടറിൽ പുറത്തെത്തിച്ചത്. മഹാരാഷ്ട്ര സർക്കാറിന് വേണ്ടി സേവനം ചെയ്യുന്ന പവൻ ഹാൻസ് സ്വകാര്യ ഹെലികോപ്റ്ററിൽ പൈലറ്റാണ് റീന. രക്ഷാദൗത്യത്തിൽ കോ പൈലറ്റായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കോപർഷി വനത്തിൽ പൊലീസും സി.ആർ.പി.എഫ് ജവാൻമാരും ചേർന്ന് മാവോയിസ്റ്റുകളെ നേരിട്ടത്. ഏറ്റുമുട്ടലിനിടെ കമാൻഡോ കുമോദ് അത്രത്തിനാണ് വെടിയേറ്റത്. സൈനികനെ പുറത്തെത്തിക്കാൻ പൊലീസ് അടിയന്തര വ്യോമസഹായം തേടുകയായിരുന്നു.
ഇരു കാലുകളിലും മൂന്ന് തവണ വെടിയേറ്റ് രക്തം വാർന്നൊലിക്കുന്ന സൈനികനെയാണ് റീന സംഭവസ്ഥലത്തു നിന്ന് രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. ഏറ്റുമുട്ടൽ നടന്ന സ്ഥലം വനമേഖലയായതിനാൽ ഹെലികോപ്റ്റർ ഇറക്കൽ ദുഷ്ക്കരമായിരുന്നു. കൂടാതെ മാവോയിസ്റ്റ് ആക്രമണ ഭീഷണിയും. ഇതേ തുടർന്ന് നിലംതൊടാതെ വായുവിൽ നിർത്തിയ ഹെലികോപ്റ്ററിൽ നിന്ന് താഴേക്ക് ചാടി അതിവേഗം സൈനികനെ പിടിച്ചു കയറ്റിയാണ് റീന രക്ഷാദൗത്യം പൂർത്തിയാക്കിയത്.
സാഹസിക ദൗത്യത്തിന് വലിയ പ്രശംസയാണ് അവർക്ക് ലഭിച്ചത്. മഹാരാഷ്ട്ര സർക്കാരും ആഭ്യന്തര വകുപ്പും റീനയെ ആദരിച്ചു. പിന്നാലെ രാഷ്ട്രപതി ദ്രൗപതി മുർമു രാഷ്ട്രപതി ഭവനിലേക്ക് വിളിച്ച് ആശംസ അറിയിച്ചത് വലിയ അംഗീകാരമായി കാണുന്നുവെന്ന് റീന പറഞ്ഞു.
പത്താം ക്ലാസ് വരെ മൈലപ്ര മൗണ്ട് ബഥനിയിലും തുടർ പഠനം തിരുവനന്തപുരം പട്ടം സെന്റ് മേരീസിലും ആയിരുന്നു. കോയമ്പത്തൂരിൽ എയ്റോനോട്ടിക് എഞ്ചിനീയറിങ് പൂർത്തിയാക്കി അമേരിക്കയിൽ നിന്നാണ് പൈലറ്റ് ലൈസൻസ് നേടിയത്.
കോവിഡ് രോഗികളെ ലക്ഷ ദ്വീപിൽ നിന്നും ഓഖി ദുരന്തത്തിൽ പെട്ടവരെ നിരവധി ദീപുകളിൽ നിന്നും റീന രക്ഷിച്ചിരുന്നു. ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ കേന്ദ്രങ്ങളിൽ ജോലി ചെയ്തതിന്റെ മുൻ പരിചയമുണ്ട് റീനക്ക്. യുദ്ധ വിമാനം പറപ്പിക്കണം എന്നതാണ് റീനയുടെ വലിയ ആഗ്രഹം. പരേതനായ സി.വി വർഗീസിന്റെയും ഏലിയാമ്മയുടെയും മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.