കോന്നി: സി.ഐ.ടി.യു നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പത്തനംതിട്ട ഡിസ്ട്രിക്റ്റ് മോട്ടോർ ഡ്രൈവിങ് സ്കൂൾ ഓണേഴ്സ് ആൻഡ് വർക്കേഴ്സ് സോഷ്യൽ വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റി ലിമിറ്റഡിൽ വൻ അഴിമതിയെന്ന് ബോർഡ് അംഗങ്ങൾ. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് ഊർജിത അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സൊസൈറ്റി അംഗങ്ങൾ ആവശ്യപ്പെട്ടു.
കോന്നി മമ്മൂട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ കോന്നിയിൽനിന്ന് മാത്രം 12 ഡ്രൈവിങ് സ്കൂളുകളാണുള്ളത്. ഒമ്പത് ബോർഡ് മെംബർമാരും സംഘത്തിലുണ്ട്. എന്നാൽ, ബോർഡ് മെംബർമാർപോലും അറിയാതെ ഗുരുതരമായ സാമ്പത്തിക ക്രമക്കേടാണ് സംഘത്തിൽ നടക്കുന്നതെന്ന് ഡ്രൈവിങ് സ്കൂൾ ഉടമകൾ പറയുന്നു. സൊസൈറ്റിയിൽ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടക്കുന്നതായി ഓഡിറ്റ് വിഭാഗവും കണ്ടെത്തിയിരുന്നു.
സംഘം പ്രവർത്തനത്തിന്റെ ഭാഗമായി യോഗങ്ങൾ വിളിക്കുകയോ ബോർഡ് മീറ്റിങ്ങുകൾ കൂടുകയോ ചെയ്യാറില്ല. ബോർഡ് യോഗങ്ങളിൽ സംഘത്തിലെ അഴിമതി ചോദ്യം ചെയ്യുന്നവരെ പുറത്താക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് ചെയ്യുന്നതെന്നും ഉടമകൾ പറയുന്നു. 13 ലക്ഷത്തിലധികം രൂപയാണ് ബോർഡ് അംഗങ്ങൾ അടക്കമുള്ളവർ സൊസൈറ്റിയിൽ ഓഹരിയായി നൽകിയിരിക്കുന്നത്. എന്നാൽ, ഈ പണത്തിന് ഒരു രേഖകളും ഇല്ല
കോഓപറേറ്റിവ് സൊസൈറ്റി പണം വാങ്ങുന്നതിനുള്ള രസീതിൽ പ്രസിഡന്റ് ഒപ്പിടാൻപോലും തയാറായിട്ടില്ലെന്നും പറയുന്നു. സൊസൈറ്റിയിൽ വാഹനങ്ങൾ വാങ്ങിയതിൽപോലും വലിയ സാമ്പത്തിക അഴിമതിയാണ് നടന്നിരിക്കുന്നത്. എന്നാൽ, കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ല.
കൂടാതെ ബാങ്ക് പ്രസിഡന്റ് പലരിൽനിന്നായി ലക്ഷങ്ങൾ വാങ്ങി ജോലി നൽകിയെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.