പുലിയുടെ സാന്നിധ്യം കണ്ടെത്തിയ പൂവൻപാറയിൽ വനപാലകർ പരിശോധന നടത്തുന്നു
കോന്നി: പുലിയുടെ ആക്രമണത്തിൽനിന്ന് ഓമനിച്ച് വളർത്തിയ നായുടെ ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് പൂവൻപാറ തെക്കേകര വീട്ടിൽ ടി.പി. വർഗീസ്. കഴിഞ്ഞ ദിവസം രാത്രി 2.50ഓടെയാണ് വർഗീസിന്റെ വീട്ടുമുറ്റത്ത് നിന്ന വളർത്തുനായെ പിടിക്കാൻ പുലി ശ്രമിക്കുന്നത്. ഇരുമ്പ് ഗേറ്റിന്റെ വിടവിലൂടെ പിടിക്കാൻ ശ്രമിച്ച പുലി നായുടെ വാലിന്റെ അഗ്രം കടിച്ചുമുറിച്ചു. കുതറിയോടി വീട്ടിലേക്ക് ചാടി കയറിയ നായ് പുലിയുടെ പിടിയിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. പുലി വീട്ടുമുറ്റത്തേക്ക് കയറിയ ശേഷം മതിൽചാടി മറഞ്ഞതായും വീട്ടുകാർ പറയുന്നു. സംഭവത്തിൽ വീട്ടുമുറ്റത്ത് ചോരപ്പാടുകളും കണ്ടെത്തി.
മുറിവേറ്റ നായെ ചികിത്സക്ക് വിധേയമാക്കി. ഇതിന് മുമ്പാണ് എലിയറക്കലിലെ തടിമില്ലിന് സമീപം നായുടെ കുരകേട്ട് നോക്കിയ അന്തർസംസ്ഥാന തൊഴിലാളി എന്തോ ചാടി പോകുന്നത് കണ്ടത്. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങളിലും ഇത് വ്യക്തമാണ്. എന്നാൽ, ഇത് പുലിയാണെന്ന് സ്ഥിരീകരിക്കാൻ വനം വകുപ്പ് നടത്തിയ പരിശോധനയിൽ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ പതിനാലാം തീയതിയാണ് പൂവൻപാറ നെടുമനാകുഴി ഭാഗത്ത് പുലിയെ നാട്ടുകാർ കണ്ടതായി പറയുന്നത്. പിന്നീട് പൂവൻപാറ ഇറച്ചിക്കടക്ക് പിന്നിലും എലിയറക്കലിലുമെല്ലാം പുലിയുടെ സാന്നിധ്യം ഉള്ളതായി നാട്ടുകാർ പറയുന്നു.
സ്ഥലത്ത് കാമറ ട്രാപ്പുകൾ സ്ഥാപിച്ചെങ്കിലും പുലിയുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ, ഇതും നടപ്പായില്ല. സന്ധ്യകഴിഞ്ഞാൽ പ്രദേശത്തുള്ളവർ പുറത്തിറങ്ങരുതെന്ന് വനം വകുപ്പ് അധികൃതർ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കോന്നി ആർ.ആർ.ടി സംഘവും ദിവസങ്ങളായി തിരച്ചിൽ നടത്തി വരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.