കോന്നി: തണ്ണിത്തോടിന്റെ മനസ്സ് കീഴടക്കിയ ഡോ. അരുൺ പ്രതാപനും ഹെൽത്ത് ഇൻസ്പെക്ടർ എം. രാമകൃഷ്ണനും തണ്ണിത്തോട് നിവാസികളും ഗ്രാമപഞ്ചായത്തും ചേർന്ന് നിറകണ്ണുകളോടെ യാത്രയയപ്പ് നൽകി. 2014ലാണ് പാലക്കാടുനിന്ന് എം. രാമകൃഷ്ണൻ ഹെൽത്ത് ഇൻസ്പെക്ടറായി തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തുന്നത്. എട്ടുവർഷത്തോളം വാഹനങ്ങൾ എത്താത്ത സ്ഥലങ്ങളിൽ കാൽനടയായി ചെന്നും തന്റെ കൃത്യനിർവഹണം നടത്തിയിട്ടുണ്ട്. പഞ്ചായത്തിലെ ഓരോ ആളുടെ മനസ്സിലും ആരോഗ്യ പ്രവർത്തകനായ രാമകൃഷ്ണൻ ഇടംപിടിച്ചു.
എട്ടുവർഷത്തിനുള്ളിൽ പ്രധാനപ്പെട്ട ആവശ്യങ്ങൾക്ക് മാത്രമാണ് അവധി എടുത്തിട്ടുള്ളത്. ജന്മസ്ഥലമായ പാലക്കാട്ടേക്കാണ് സ്ഥലംമാറ്റം ലഭിച്ചിരിക്കുന്നത്. ഇദ്ദേഹത്തോടൊപ്പം ആറുവർഷക്കാലം തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ഭിഷഗ്വരനാണ് ഡോ. അരുൺ പ്രതാപ്. തണ്ണിത്തോടും ചിറ്റാറും സേവനം അനുഷ്ഠിച്ച ഇദ്ദേഹം തന്റെ അടുത്തെത്തുന്ന രോഗികളെ ഹൃദ്യമായാണ് പരിചരിക്കുന്നത്. അരുൺ പ്രതാപും ജന്മനാടായ ആലപ്പുഴ ജില്ലയിലേക്കാണ് പോയത്. ഇരുവരുടെയും സ്ഥലംമാറ്റം തണ്ണിത്തോട് പഞ്ചായത്തിന് തീരാനഷ്ടമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.