കോന്നി: തിരഞ്ഞെടുപ്പിന് സുരക്ഷ ഒരുക്കാൻ അച്ഛനും മക്കളും. കോന്നി മണ്ഡലത്തിലെ വി.കോട്ടയം, മാവനാൽ ബൂത്തുകളിലാണ് അച്ഛനും മക്കളും സുരക്ഷ സംവിധാനത്തിന്റെ ഭാഗമായി എത്തുന്നത്. വകയാർ ഈട്ടി നിൽക്കുന്നതിൽ റോയ് മാത്യു, മക്കളായ ആന്റണി റോയ്, അഗസ്റ്റിൻ റോയ് എന്നിവരാണ് ഈ തവണത്തെ തെരഞ്ഞെടുപ്പിൽ പൊലീസ് വിഭാഗത്തിന്റെ നിർദേശ അനുസരണം ജോലിക്കായി എത്തിയത്.
24 വർഷത്തെ രാജ്യ സേവനത്തിനു ശേഷമാണ് റോയ് മാത്യു വിരമിച്ചത്. 2015 മുതൽ തുടർച്ചയായി നടക്കുന്ന വിവിധ തെരഞ്ഞെടുപ്പുകളിൽ സേവനം ചെയ്ത് വരുകയാണ് ഈ വിമുക്തഭടൻ, മക്കളായ ആന്റണിയും അഗസ്റ്റിനും എൻ.സി.സി കാഡറ്റിന്റെ ഭാഗമായി ശബരിമല തീർഥാടന കാലയളവിൽ സുരക്ഷ ട്രാഫിക് ജോലികളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇത് ആദ്യമായാണ് അച്ഛനും മക്കളും ഒരുപോലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഒന്നിക്കുന്നത്.
അച്ഛൻ റോയ് മാത്യു പ്രമാടം പഞ്ചായത്തിലെ 116ാം ബൂത്തിലും ഇളയമകൻ അഗസ്റ്റിൻ റോയ് ഇതേ പഞ്ചായത്തിൽ വി. കോട്ടയം 113ാം ബൂത്തിലും മൂത്ത മകൻ ആന്റണി റോയ് അരുവാപ്പുലം പഞ്ചായത്തിലെ മാവനാൽ 209 ാം ബൂത്തിൽ ആണ് സേവനം അനുഷ്ഠിക്കുന്നത്. മൂവരും കോന്നി എലിയറക്കലിലെ കലക്ഷൻ സ്റ്റേഷനിൽ എത്തി പോളിങ് സാമഗ്രിഹികൾ ഏറ്റുവാങ്ങി വിവിധ ബൂത്തുകളിലേക്ക് യാത്ര തിരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.