കോന്നി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വീട്ടുപകരണങ്ങൾ ഉപയോഗിച്ച് രാഷ്ട്രപിതാവിന്റെ വേറിട്ട ചിത്രം പൂർത്തിയാക്കിയിരിക്കുകലാണ് വെട്ടൂർ പേഴുംകാട്ടിൽ സ്മൃതി ബിജു.
ഒരുമാസംകൊണ്ടാണ് ചിത്രം പൂർത്തിയായത്. മൊബൈൽ ഫോൺ, ചാർജർ, പൗഡർ, കണ്ണാടി, പേന, പെൻസിൽ, പെയിന്റിങ് ബ്രഷ്, വാച്ച്, ബൾബ്, സ്ക്രൂഡ്രൈവർ, മൗസ്, തീപ്പെട്ടി, കളിപ്പാട്ടം, ഡെറ്റോൾ ബോട്ടിൽ, ഷാംപൂ, മേക്കപ് ബ്രഷ്, റിമോട്ട് കൺട്രോൾ, മുത്തുകൾ, കത്തികൾ, സ്ലൈഡുകൾ, ചോക്ക് തുടങ്ങിയവയാണ് ഇതിന് ഉപയോഗിച്ചത്.
ചിത്രത്തിന് അനുയോജ്യമായ നിറത്തിലുള്ള വീട്ടുപകരണങ്ങൾ കിട്ടാനാണ് ബുദ്ധിമുട്ടുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. മുമ്പ് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 100 കിലോ വ്യത്യസ്തയിനം പയറുകൾ ഉപയോഗിച്ച് ഗാന്ധിജിയുടെ ചിത്രം പൂർത്തിയാക്കി ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സ് കരസ്ഥമാക്കിയിട്ടുണ്ട് ബിജു. കടുക് ഉപയോഗിച്ചും 1000 മുട്ടത്തോട് ഉപയോഗിച്ചും ഗാന്ധിജിയുടെ ചിത്രം നിർമിച്ചിട്ടുണ്ട്.
5000 പൊട്ടുകൾ ഉപയോഗിച്ച് മോഹൻലാലിന്റെ ചിത്രം വരച്ച് ശ്രദ്ധനേടിയിരുന്നു. ഈർക്കിൽ ഉപയോഗിച്ച് ജവഹർലാൽ നെഹ്റുവിന്റെ ചിത്രവും വരച്ചിട്ടുണ്ട്. മസ്കത്തിലെ ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിലും പുണെ ക്രൈസ്റ്റ് യൂനിവേഴ്സിറ്റിയിലും ഡൽഹി യൂനിവേഴ്സിറ്റിയിലും വർക്ക് ചെയ്തിട്ടുണ്ട്. 2016ലെ ഇന്റർനാഷനൽ പെയിന്റിങ് എക്സിബിഷനിലും കേരള ലളിതകല അക്കാദമിയുടെ പ്രദർശനത്തിലും പങ്കെടുത്തു.
ഗൾഫ് രാജ്യങ്ങളിലെ ആദ്യത്തെ ക്രിസ്ത്യൻ ദേവാലയമായ മസ്കത്തിലെ യാക്കോബായ പള്ളിയിലെ ചിത്രരചന നടത്തിയത് ബിജുവായിരുന്നു. യു.എ.ഇയിലെ ക്രിസ്ത്യൻ ദേവാലയങ്ങളിലും ചിത്രങ്ങൾ ചെയ്തിട്ടുണ്ട്.
മൈലപ്ര മൗണ്ട് ബഥനി സ്കൂളിലെ ചിത്രകല അധ്യാപകനായ ബിജു ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തിൽ മ്യൂറൽ ആർട്ട് പഠിച്ചുകൊണ്ടിരിക്കുകയാണ്. ഭാര്യ രാജി. മകൻ അലോഷി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.