കോന്നി: കോന്നി നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കാൻ റവന്യൂ മന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ റവന്യൂ-വനം ഉദ്യോഗസ്ഥരുടെ ഉന്നതല യോഗം ചേർന്നു. ചിറ്റാർ, സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിലെ തത്ത്വത്തിൽ വനാനുമതി ലഭ്യമായ ഭൂമിയിലെ തുടർനടപടികൾ വേഗം പൂർത്തീകരിക്കാനും തീരുമാനിച്ചു.
അരുവാപ്പുലം, കലഞ്ഞൂർ, കോന്നി പഞ്ചായത്തുകളിൽ അവശേഷിക്കുന്ന പട്ടയങ്ങൾ തയാറാക്കാൻ കലക്ടർ പ്രേം കൃഷ്ണനെ ചുമതലപ്പെടുത്തി. മൈലപ്ര, മലയാലപ്പുഴ, വള്ളിക്കോട്, പ്രമാടം, ഏനാദിമംഗലം പഞ്ചായത്തുകളുടെ അവശേഷിക്കുന്ന പട്ടയങ്ങൾ തയാറാക്കാൻ കലക്ടർക്ക് നിർദേശം നൽകി. രണ്ടുദിവസത്തിനകം ജില്ലതല യോഗം ചേരാനും ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും കലക്ടറോട് നിർദേശിച്ചു.
റവന്യൂ മന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ സെക്രട്ടേ റിയറ്റിൽ ചേർന്ന യോഗത്തിൽ കെ.യു. ജനീഷ്കുമാർ എം.എൽ.എ, ലാൻഡ് റവന്യൂ കമീഷണർ എ. ഗീത, ഫോറസ്റ്റ് കൺസർവേറ്റർ പി.വി. സാമൂവൽ, ഫോറസ്റ്റ് കൺസർവേഷൻ ആക്ട് നോഡൽ ഓഫിസർ സഞ്ജയൻ കുമാർ, കോന്നി ഡി.എഫ്.ഒ ആയുഷ് കുമാർ കോറി, അസി. ലാൻഡ് റവന്യൂ കമീഷണർ അനു, റവന്യൂ -വനം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
കോന്നി മണ്ഡലത്തിലെ മലയോര പട്ടയ പ്രശ്നത്തിൽ പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1920നും 1945നും ഇടയിൽ ജില്ലയിലെ ചിറ്റാർ, സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം, കലഞ്ഞൂർ തുടങ്ങിയ കോന്നി താലൂക്കിലെ മലയോര മേഖലകളിൽ നിരവധി കർഷകർ വനഭൂമി കൈവശപ്പെടുത്തി കൃഷി ചെയ്തു വരുകയാണ്.
മൂന്ന് തലമുറകളായി ഈ ഭൂമിയിൽ കാർഷിക വൃത്തിയിൽ ഏർപ്പെടുന്നവർക്ക് ഏകദേശം ഒമ്പത് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഭൂമിയുടെ കൈവശാവകാശവും പട്ടയവും ലഭിച്ചിട്ടില്ല. കേന്ദ്ര അനുമതി ലഭിക്കാത്തതാണ് പട്ടയം നൽകാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചത്. നടപടികൾ പൂർത്തിയാകുന്നതോടെ ആറായിരത്തോളം കുടുംബങ്ങളുടെ കൈവശമുള്ള 1970.041 ഹെക്ടർ ഭൂമിയുടെ പട്ടയപ്രശ്നത്തിന് പരിഹാരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.