കോന്നി: കോന്നി -കുമ്മണ്ണൂർ- വയക്കര റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ശബരിമല മണ്ഡല കാലത്ത് അച്ചൻകോവിൽ വഴി വരുന്ന ഭക്തർ കോന്നി നഗരത്തിൽ എത്താതെ വയക്കര വഴി കാനന പാതയിലൂടെ കുമ്മണ്ണൂർ വഴി മുരിങ്ങമംഗലം ജങ്ഷനിൽ എത്തി കുമ്പളാംപൊയ്ക വഴിയും തണ്ണിത്തോട് ചിറ്റാർ സീതത്തോട് വഴിയും ശബരിമലക്ക് പോകാൻ കഴിയുന്ന വനപാതയാണിത്. തമിഴ്നാട്ടിൽ നിന്ന് അടക്കം ശബരിമല മണ്ഡല കാലത്ത് കാൽനടയായി ഭക്തർ സഞ്ചരിക്കുന്ന പാതയാണ് ഇത്.
തൊണ്ണൂറ് കാലഘട്ടത്തിൽ റോഡിന്റെ കുറച്ച് ഭാഗം മെറ്റൽ പാകിയിരുന്നു. എന്നാൽ പിന്നീട് യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും നടന്നിട്ടില്ല. റോഡ് സഞ്ചാര യോഗ്യമാക്കണം എന്നാവശ്യപ്പെട്ട് സി.പി.ഐ ഐരവൺ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനങ്ങളിൽ നിന്ന് ഒപ്പ് ശേഖരണം നടത്തി വനം മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. തുടർ നടപടികൾക്കായി വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർക്ക് നിവേദനവും കൈമാറി. എന്നാൽ യാതൊരു ഫലവും കണ്ടില്ല. രണ്ട് കലുങ്കുകൾ അടക്കം ഈ റോഡിൽ നിർമ്മാണം പൂർത്തീകരിച്ചെങ്കിൽ മാത്രമേ റോഡ് സഞ്ചാര യോഗ്യമാകൂ. കോന്നിയിൽ ഗതാഗതം തടസപെട്ടാൽ പത്തനംതിട്ട ഭാഗത്തേക്ക് അടക്കം വേഗത്തിൽ എത്തിച്ചേരാൻ കഴിയുന്ന പാതയുമാണിത്. റോഡ് നിർമ്മാണം പൂർത്തിയായാൽ കോന്നി മെഡിക്കൽ കോളേജിനും ഇത് ഏറെ പ്രയോജനപ്പെടും. മലയോര മേഖലക്ക് ഏറെ പ്രയോജനം ചെയ്യുന്ന റോഡ് നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കണം എന്നാണ് പൊതു ജനങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.