കോന്നി: കോന്നിയുടെ മലയോര മേഖലയിൽ തോട്ടപ്പുഴു ശല്യം വ്യാപകമാകുന്നു. മുമ്പ് ഉൾവനങ്ങളായിരുന്നു തോട്ടപ്പുഴുക്കളുടെ താവളം. ഇപ്പോൾ റബർ തോട്ടങ്ങളും ജനവാസ മേഖലകളും അടക്കം ഇവയുടെ ശല്യം വർധിച്ചു. മഴയും ഈർപ്പം നിറഞ്ഞ പ്രദേശങ്ങളിലുമാണ് തോട്ടപ്പുഴു ശല്ല്യം വർധിക്കുന്നത്. തറയിലും ചെടികളിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന ഇവ മനുഷ്യശരീരത്തിൽ കയറിയാൽ പലപ്പോഴും അറിയാറില്ല.
കാലിലാണ് കൂടുതലും കടിക്കുന്നത്. അട്ടകൾ ചോരകുടിച്ച് കഴിഞ്ഞതിനുശേഷം രക്ത സ്രാവം ഉണ്ടാകുമ്പോഴാണ് പലപ്പോഴും വിവരം അറിയുക.
ശരീരത്തിൽ കടിച്ചിരിക്കുന്ന പുഴുക്കളെ വലിച്ചിളക്കി കളയുമ്പോൾ ഇവയുടെ പല്ല് മുറിവിൽ ഇരുന്നാൽ അസഹ്യമായ ചൊറിച്ചിലും നീറ്റലും അനുഭവപ്പെടുന്നതും പതിവാണ്.
നൂലുപോലെ ചെറിയ ജീവികളായി കാണപ്പെടുന്ന തോട്ടപ്പുഴുക്കൾ ചോരകുടിച്ച് കഴിഞ്ഞശേഷം വലുതാകും. റബർ തോട്ടങ്ങളിലും കൃഷിയിടങ്ങളിലുമെല്ലാം ജോലി ചെയ്യുന്നവരാണ് തോട്ടപ്പുഴുക്കളെ കൊണ്ട് കൂടുതൽ പൊറുതി മുട്ടിയിരിക്കുന്നത്.
വനാതിർത്തികളിൽ മേയാൻ വിടുന്ന കന്നുകാലികളുടെയും കാട്ടിൽനിന്ന് നാട്ടിലിറങ്ങുന്ന പന്നികളുടെയും ശരീരത്തിൽ പറ്റിപ്പിടിക്കുന്ന പുഴുക്കൾ മനുഷ്യ ശരീരത്തിൽ പറ്റിപ്പിടിക്കുന്നതും സാധാരണമാണ്. കാലിലെ വിരലുകൾക്കിടയിലാണ് ഇത് കൂടുതലും കടിക്കുക.
റബർ പോലെയുള്ള പുഴുക്കളായതിനാൽ ഇവറ്റകളെ സാധാരണ രീതിയിൽ നശിപ്പിക്കുവാനും സാധ്യമല്ല. ഉപ്പ്, സാനിറ്റൈസർ തുടങ്ങിയവയാണ് പുഴുക്കളെ കൊല്ലാൻ സാധാരണയായി ഉപയോഗിക്കുന്നത്. ഉപ്പുവീണാൽ ഇവ തനിയെ പൊട്ടിപ്പോകും. തണ്ണിത്തോട്, അരുവാപ്പുലം, കോന്നി, മലയാലപ്പുഴ, കലഞ്ഞൂർ തുടങ്ങി പല ഗ്രാമപഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ തോട്ടപ്പുഴു ശല്ല്യം വ്യാപകമാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.