കോഴഞ്ചേരി: സാമൂഹിക, വിദ്യാഭ്യാസ രംഗത്ത് കുട്ടികളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കാനും വ്യക്തിജീവിതത്തിൽ അവരെ കൂടുതൽ കരുത്തരാക്കാനും ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാർ നൈപുണി വികസന കേന്ദ്രങ്ങൾ ആരംഭിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
ആറന്മുള ജി.വി.എച്ച്.എസ്.എസ് ആറന്മുളയിൽ തുടങ്ങുന്ന നൈപുണി വികസന കേന്ദ്രം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദ്യാർഥി ശാക്തീകരണം സാധ്യമാക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഒന്നാണെന്ന് മന്ത്രി പറഞ്ഞു. വിദ്യാർഥികൾക്ക് തങ്ങളുടെ അഭിരുചി അനുസരിച്ച് അനുയോജ്യമായ തൊഴിൽ മേഖലകൾ തെരഞ്ഞെടുക്കാനും അതുമായി ബന്ധപ്പെട്ട നൈപുണി വികസനവും ലക്ഷ്യമാക്കിയാണ് സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി നൈപുണി വികസന കേന്ദ്രം (എസ്.ഡി.സി) കേരളത്തിലെ എല്ലാ ജില്ലകളിലും പ്രവർത്തനം ആരംഭിക്കുന്നത്.
ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം ഏതെങ്കിലും സാഹചര്യങ്ങളിൽ പഠനം ഉപേക്ഷിക്കേണ്ടി വന്ന വിദ്യാർഥികൾക്കും സൗജന്യ തൊഴിൽ പരിശീലനം എസ്.ഡി.സികളിലൂടെ സാധ്യമാകും. പദ്ധതിയുടെ ആദ്യഘട്ടമായാണ് പത്തനംതിട്ട ജില്ലയിൽ മല്ലപ്പുഴശ്ശേരി പഞ്ചായത്തിൽ ആറന്മുള ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അനുവദിക്കപ്പെട്ട സ്കിൽ ഡെവലപ്മെൻറ് സെൻററിൽ ന്യൂ ജനറേഷൻ കോഴ്സുകൾ ആയ ഡ്രോൺ സർവീസ് ടെക്നീഷ്യൻ, ഇലക്ട്രിക് വെഹിക്കിൾ സർവ്വീസ് ടെക്നീഷ്യൻ എന്നീ കോഴ്സുകൾ ആരംഭിക്കുന്നത്.
ഇവയിലൂടെ ലഭ്യമാക്കുന്ന സർട്ടിഫിക്കറ്റുകൾ വിദ്യാർഥികൾക്ക് ഉപജീവനമാർഗം ഉറപ്പാക്കുമെന്നും ആവശ്യമെങ്കിൽ സംരംഭങ്ങൾക്ക് സഹായം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസരംഗത്തും സാക്ഷരതയിലും സംസ്ഥാനം ഒന്നാം സ്ഥാനത്ത് തുടരുന്നത് ദീർഘ ദർശിയായ ഇത്തരം പ്രവർത്തനങ്ങൾ മൂലമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ പറഞ്ഞു.
ചടങ്ങിൽ കളക്ടർ എ. ഷിബു മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ചെയർമാൻ ആർ. അജയകുമാർ ക്ലാസ് റൂം ലാബ് ഉദ്ഘാടനം ചെയ്തു.
ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജി ചെറിയാൻ മാത്യു, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ്, സമഗ്ര ശിക്ഷാ കേരളം ജില്ല പ്രോജക്ട് കോർഡിനേറ്റർ ഡോ. ലെജു പി തോമസ്, ജില്ല പ്രോഗ്രാം ഓഫീസർ എ.പി ജയലക്ഷ്മി, ജില്ല സ്കിൽ കോർഡിനേറ്റർ ആർ. ബിപിൻ ചന്ദ്രൻ, മേഖല ഓഫീസ് എഡി ഷാജു തോമസ്, കോഴഞ്ചേരി ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ എസ്. ശിഹാബുദ്ദീൻ, സ്കിൽ സെന്റർ കോർഡിനേറ്റർ ജി. ഹരികൃഷ്ണൻ, ജി.വി.എച്ച്.എസ്.എസ് ആറന്മുള പ്രിൻസിപ്പൾ എ. ആർ ഇന്ദു, ഹെഡ്മിസ്ട്രസ്സ് എം. ഗീത തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.