കോഴഞ്ചേരി: തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിൽ ഒരുവിഭാഗം സി.പി.എം അംഗങ്ങൾ യു.ഡി.എഫുമായി ചേർന്ന് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെ അവിശ്വാസത്തിന് നോട്ടീസ് നൽകി. നിലവിൽ പ്രസിഡന്റായ ഇടത് സ്വതന്ത്രൻ സി.എസ്. ബിനോയിക്കും ഇടത് പിന്തുണയോടെ വൈസ് പ്രസിഡന്റായ കോൺഗ്രസ് സ്വതന്ത്ര ഷെറിൻ റോയി എന്നിവർക്കെതിരെയാണ് അവിശ്വാസം.
സി.പി.എം-എൽ.ഡി.എഫ് നേതൃത്വങ്ങളെ പ്രതിസന്ധിയിലാക്കിയാണ് ഒരു വിഭാഗം സി.പി.എം അംഗങ്ങൾ കോൺഗ്രസുമായി ചേർന്നത്. തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഭരണസമിതിയിൽ എൽ.ഡി.എഫിന് അഞ്ചും, യു.ഡി.എഫ്, ബി.ജെ.പി എന്നിവർക്ക് മൂന്നുവീതവും രണ്ട് സ്വതന്ത്രരുമടക്കം 13 അംഗങ്ങളാണുള്ളത്. തെരഞ്ഞെടുപ്പിന് ശേഷം ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന സാഹചര്യത്തിൽ ഇടത് സ്വതന്ത്രനായി ജയിച്ച സി.എസ്. ബിനോയിയെ യു.ഡി.എഫ് സ്ഥാനാർഥിയാക്കുകയും ബി.ജെ.പി പിന്തുണച്ചതോടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയുമായിരുന്നു.
കോൺഗ്രസ് സ്വതന്ത്രയായി വിജയിച്ച ഷെറിൻ റോയിക്ക് വൈസ് പ്രസിഡന്റായി എൽ.ഡി.എഫും പിന്തുണ നൽകി. എന്നാൽ, യു.ഡി.എഫ് പിന്തുണയോടെ പ്രസിഡന്റായ സി.എസ്. ബിനോയിയും ഇടത് പിന്തുണയോടെ വൈസ് പ്രസിഡന്റായ ഷെറിൻ റോയിയും ബി.ജെ.പി അനുകൂല നിലപാടുകളാണ് സ്വീകരിക്കുന്നതെന്നാണ് എൽ.ഡി.എഫ്, യു.ഡി.എഫ് അംഗങ്ങളുടെ ആരോപണം. എൽ.ഡി.എഫിന് തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഭരണസമിതിയിലെ അഞ്ച് അംഗങ്ങളും സി.പി.എമ്മിൽനിന്നുള്ളവരാണ്. തോട്ടപ്പുഴശ്ശേരിയിൽ നിലവിൽ ഭരണസ്തംഭനമാണ് നിലനിൽക്കുന്നതെന്നും 2023ലെ പദ്ധതിയുടെ 56 ശതമാനം മാത്രമേ പൂർത്തിയാക്കാൻ സാധിച്ചിട്ടുള്ളൂവെന്നും ഏഴാം വാർഡ് അംഗം റെൻസൻ കെ. രാജൻ പറഞ്ഞു.
ജനങ്ങളോട് മറുപടി പറയേണ്ടതുള്ളതിനാലാണ് അവിശ്വാസ പ്രമേയം നൽകിയതെന്നും സി.പി.എം അംഗമായ റെൻസൻ പറഞ്ഞു. 13ൽ ഏഴ് അംഗങ്ങൾ ചേർന്ന് അവിശ്വാസ പ്രമേയം നൽകിയതിനാൽ അവിശ്വാസം പാസാകുമെന്നും റെൻസൻ പറഞ്ഞു.
യു.ഡി.എഫ് പ്രസിഡന്റ് സ്ഥാനാർഥിയാക്കിയെങ്കിലും പ്രസിഡന്റായ ശേഷം സി.എസ്. ബിനോയി പിന്നീട് ബി.ജെ.പിയുടെ മാത്രം താൽപര്യങ്ങളുസരിച്ചാണ് ഭരണം നടത്തിയതെന്ന് കോൺഗ്രസ് നേതാവും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിലവിൽ ഗ്രാമപഞ്ചായത്ത് അംഗവുമായ അഡ്വ. ടി.കെ. രാമചന്ദ്രൻ നായർ പറഞ്ഞു.
മുമ്പ് രണ്ടുതവണ എൽ.ഡി.എഫ് നിലവിലെ ഭരണസമിതിക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നെങ്കിലും യു.ഡി.എഫിലെ ആഭ്യന്തര പ്രശ്നങ്ങൾ കാരണം പരാജയപ്പെടുകയായിരുന്നു. എന്നാൽ, ഇത്തവണ യു.ഡി.എഫ് ഒറ്റക്കെട്ടായാണ് നോട്ടീസ് നൽകിയത്. യു.ഡി.എഫ് നേരത്തേ തന്നെ ഭരണസമിതിക്കുള്ള പിന്തുണ പിൻവലിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
എന്നാൽ, അവിശ്വാസ പ്രമേയത്തിലും സി.പി.എമ്മിലെ അഭിപ്രായ വ്യത്യാസം വ്യക്തമാക്കുന്ന തരത്തിൽ സി.പി. അജിത വിട്ടുനിന്നു. പാർട്ടി നേതൃത്വത്തിന്റെ അനുമതിയില്ലാതെയാണ് നാല് അംഗങ്ങൾ യു.ഡി.എഫുമായി ചേർന്ന് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.