കോഴഞ്ചേരി: മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കോഴഞ്ചേരി-റാന്നി പ്രധാന പാത ഗതാഗത യോഗ്യമാക്കിയില്ല. കീക്കൊഴൂർ വഴി കോഴഞ്ചേരിയിലേക്കുള്ള പ്രധാനപാതയിൽ പുതമൺ പാലത്തിന്റെ തകര്‍ച്ചയോടെ ഗതാഗതം മുടങ്ങിയിരിക്കുകയാണ്. ചെറുകോല്‍പ്പുഴ വഴിയുള്ള പാതയാകട്ടെ തകര്‍ന്നുകിടക്കുകയുമാണ്. ശബരിമല തിരുവാഭരണ പാതയുടെ ഭാഗം കൂടിയായ കോഴഞ്ചേരി റോഡുകളുടെ തകര്‍ച്ച തീര്‍ഥാടകരെ ഏറെ വലക്കും.
ചെങ്ങന്നൂരില്‍നിന്ന് പമ്പയിലേക്കുള്ള പ്രധാന പാതയാണ് കോഴഞ്ചേരി-റാന്നി. കെ.എസ്.ആർ.ടി.സി ഒഴികെ എല്ലാ വാഹനങ്ങളും ഇതുവഴിയാണ് കടന്നുവരുന്നത്. കെ.എസ്.ആർ.ടി.സി എരുമേലി ബസുകളുടെ റൂട്ടും ഇതാണ്. പമ്പയിലേക്ക് ദൈര്‍ഘ്യം കുറവായ പാത കൂടിയാണിത്. ശബരിമല റോഡുകളിൽ ഹൈകോടതി അംഗീകരിച്ചവയിൽ പ്രഥമ പരിഗണനയും കോഴഞ്ചേരി-റാന്നി റോഡിനുണ്ട്.
പുതമണ്ണിൽ നിര്‍മിക്കുന്ന താൽക്കാലിക പാതയുടെ നിര്‍മാണം ശബരിമല സീസൺ ആരംഭിക്കും മുമ്പ് പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയർ അവകാശപ്പെടുന്നുണ്ടെങ്കിലും മഴ തുടരുന്നത് ആശങ്കയിലാക്കി. ഈ പാതയിൽക്കൂടി ടോറസ് ഉള്‍പ്പെടെ അമിത ഭാരം കയറ്റിയ വാഹനങ്ങൾ ഒഴികെ യാത്രാബസുകൾ ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും കടത്തിവിടാനാണ് ഉദ്ദേശിക്കുന്നത്.
ശബരിമല സീസൺ തുടങ്ങുംമുമ്പ് സമാന്തരപ്പാതയുടെ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് കരാറുകാരനും നിര്‍ദേശം നല്‍കിയിട്ടുള്ളത്. പെരുന്തോട്ടിലെ ജലനിരപ്പ് കുറയുന്ന മുറക്ക് പൈപ്പുകൾ സ്ഥാപിച്ച് മണ്ണിട്ട് നികത്തി താൽക്കാലിക പാതയുടെ നിർമാണം പൂര്‍ത്തീകരിക്കും. തുടര്‍ച്ചയായി പെയ്ത മഴയാണ് പാതയുടെ നിര്‍മാണത്തിന് തടസ്സമാകുന്നതെന്നാണ് പി.ഡബ്ല്യു.ഡി വിശദീകരണം.
പുതമൺ പാലത്തിന്റെ തകര്‍ച്ചയോടെ കോഴഞ്ചേരി-റാന്നി റൂട്ടിലെ മുഴുവൻ വാഹനങ്ങളും ചെറുകോല്‍പ്പുഴ വഴിയാണ് തിരിച്ചുവിട്ടത്. റാന്നിയില്‍നിന്ന് കീക്കൊഴൂർ വഴി വരുന്ന വാഹനങ്ങളും പേരൂര്‍ച്ചാൽ പാലത്തിലൂടെ ചെറുകോല്‍പ്പുഴ റോഡിൽ പ്രവേശിച്ചുവേണം യാത്ര തുടരാൻ. ഭാരവാഹനങ്ങൾ അടക്കം ഇതുവഴി യാത്ര തുടങ്ങിയതോടെ ചെറുകോല്‍പ്പുഴ റോഡ് പൂര്‍ണമായി തകര്‍ന്നു. കുണ്ടും കുഴിയും വെള്ളക്കെട്ടുകളുമായി തകര്‍ന്നു കിടക്കുന്ന ചെറുകോല്‍പ്പുഴ റോഡിലൂടെ ഒരുവിധത്തിലും യാത്ര ചെയ്യാനാകാത്ത സ്ഥിതിയാണ്.
റോഡ് പുനര്‍നിര്‍മാണത്തിനു പദ്ധതി തയാറാക്കിയിട്ട് മാസങ്ങളായി. കിഫ്ബിയിൽ ഉള്‍പ്പെടുത്തി 13.6 മീറ്റർ വീതിയിൽ റോഡ് ഉന്നതനിലവാരത്തിൽ പുനര്‍നിര്‍മിക്കാൻ 54.61 കോടി രൂപയാണ് അനുവദിച്ചത്. സ്ഥലം ഏറ്റെടുക്കാനുള്ള വിജ്ഞാപനവും ഇറങ്ങി. വീതി പത്ത് മീറ്ററായി കുറച്ചാൽ സ്ഥലം സൗജന്യമായി വിട്ടുനല്‍കാമെന്ന വാഗ്ദാനവുമായി ഏതാനും വസ്തു ഉടമകൾ രംഗത്തെത്തിയതോടെ പദ്ധതിതന്നെ താറുമാറായി.
ഇതിനിടെ വീതി പത്തുമീറ്ററായി കുറക്കാനുള്ള പദ്ധതി തയാറായി. എന്നാൽ, വസ്തു സൗജന്യമായി വിട്ടുനല്‍കാൻ എല്ലാ ഉടമകളും തയാറായിട്ടില്ല. ഇതോടെ ന്യായവില നല്കി 13.6 മീറ്റർ വീതിയിൽതന്നെ റോഡ് പുനര്‍നിര്‍മിക്കണമെന്ന ആവശ്യവുമായി അയിരൂർ-അങ്ങാടി വില്ലേജ് വികസന സമിതിയും രംഗത്തിറങ്ങി. തര്‍ക്കം തുടരുന്നതു കാരണം പദ്ധതി മുന്നോട്ടു പോയിട്ടില്ല. ഇതിനിടെ ശബരിമല തീർഥാടനകാലം മുന്‍നിര്‍ത്തി റോഡ് അറ്റകുറ്റപ്പണികള്‍ക്കായി 60 ലക്ഷം രൂപ അനുവദിച്ചതായി സൂചനയുണ്ട്.
കോഴഞ്ചേരി-കീക്കൊഴൂർ-റാന്നി പാതയിൽ പുതമണ്ണിൽ നിലവിലുണ്ടായിരുന്ന പഴയ പാലം അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് പാലത്തിലൂടെയുള്ള ഗതാഗതം നിര്‍ത്തിവെച്ചു. കഴിഞ്ഞ ജനുവരി 26നാണ് പാലം അടച്ചത്. പുതിയ പാലം നിര്‍മിക്കുന്നതുവരെ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ പഴയ പാലത്തിന് സമാന്തരമായി താൽക്കാലിക പാലം നിര്‍മിക്കാൻ അനുമതി ലഭിച്ചിരുന്നു. ഇതിന് 30.8 ലക്ഷം രൂപയാണ് സര്‍ക്കാർ വകയിരുത്തിയത്.
താൽക്കാലിക പാതയുടെ നിര്‍മാണം ആരംഭിച്ചത് ആഴ്ചകള്‍ക്ക് മുമ്പാണ്. 3.80 മീറ്റർ വീതിയിലാണ് പാതയുടെ നിര്‍മാണം. എന്നാൽ, മഴ ശക്തമായി തുടരുന്നത് പ്രവൃത്തിയെ സാരമായി ബാധിച്ചു. പുതമൺ പാലത്തിന് സമീപത്തുകൂടിയുള്ള പെരുന്തോട്ടിലൂടെയാണ് പാത നിര്‍മിക്കേണ്ടത്. ശക്തമായ നീരൊഴുക്കുള്ള തോടാണിത്. ഇവിടെ മണ്ണിടുന്നതുതന്നെ വെള്ളക്കെട്ടിനു കാരണമാകുന്നുണ്ട്. തോട്ടിൽ പൈപ്പുകൾ സ്ഥാപിച്ച് വെള്ളം ഒഴുക്കിവിട്ട് അതിനു മുകളിൽ മണ്ണിട്ടു താൽക്കാലിക പാത തുറക്കുകയുമാണ് ലക്ഷ്യം. എന്നാൽ, മഴ കുറഞ്ഞെങ്കിൽ മാത്രമേ പണികൾ നടത്താനാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.