കോഴഞ്ചേരി/റാന്നി: ജില്ലയിൽ റാന്നി, മല്ലപ്പുഴശ്ശേരി പഞ്ചായത്തുകളിലെ രണ്ട് വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിന് വിജയം. റാന്നി പഞ്ചായത്ത് ഏഴാം വാർഡായ പുതുശേരിമലയിൽ ബി.ജെ.പിയുടെ സിറ്റിങ് സീറ്റാണ് പിടിച്ചെടുത്തത്. സി.പി.എമ്മിന്റെ അജിമോൻ 251 വോട്ടിന്റെ ഭൂരിപക്ഷം നേടി. മല്ലപ്പുഴശ്ശേരി പഞ്ചായത്ത് 12ാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ സി.പി.ഐ പ്രതിനിധി അശ്വതി പി. നായർ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
സിറ്റിങ് സീറ്റിൽ ബി.ജെ.പിക്ക് 35 വോട്ട്
പുതുശേരിമലയിലെ സിറ്റിങ് സീറ്റിൽ ബി.ജെ.പി സ്ഥാനാർഥി ജോളി ജോണിന് കിട്ടിയത് 35 വോട്ടാണ്. ആകെ 610 വോട്ടുകളാണ് പോൾ ചെയ്തത്. 413 വോട്ടുകൾ എൽ.ഡി.എഫിനും 162 വോട്ടുകൾ യു.ഡി.എഫിലെ ടി.കെ.സുധാകരനും ലഭിച്ചു. മുൻ അംഗം എ.എസ്. വിനോദ് രാജി വെച്ചതിനെതുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. സ്വതന്ത്രരുടെ പിന്തുണയോടെ യു.ഡി.എഫാണ് റാന്നി പഞ്ചായത്ത് ഭരിക്കുന്നത്. നിലവിലെ കക്ഷിനില: ആകെ 13 സീറ്റ്. എൽ.ഡി.എഫ് -6, യുഡിഎഫ് -4, ബിജെപി -1, സ്വതന്ത്രർ -2 . ടൗണിൽ നടന്ന ആഹ്ലാദപ്രകടനം പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം വിജയിയെ സ്വീകരിച്ചു. ജില്ല സെക്രട്ടേറിയറ്റംഗം പി.ആർ പ്രസാദ്, ജില്ല കമ്മിറ്റിയംഗം കോമളം അനുരുദ്ധൻ, എൽ.ഡി.എഫ് കൺവീനർ ജോജോ കോവൂർ, കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ആലിച്ചൻ ആറൊന്നിൽ, ജില്ല പഞ്ചായത്തംഗം ജോർജ് എബ്രഹാം, ബിനോയി കുര്യാക്കോസ്, ബെന്നി പുത്തൻപറമ്പിൽ, ജെ. രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
അശ്വതി പി. നായർ
ഒറ്റ വോട്ടിൽ അശ്വതിക്ക് ജയം
മല്ലപ്പുഴശ്ശേരി പഞ്ചായത്ത് 12ാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ അശ്വതി പി നായർ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ആകെ പോൾ ചെയ്തതിൽ 201 വോട്ട് സി.പി. ഐയിലെ അശ്വതിക്ക് ലഭിച്ചു. യു.ഡി.എഫ് സ്ഥാനാർഥി സുജ കുമാരി വേണാട്ട് വോട്ട് 200 നേടി. ബി.ജെ.പി സ്ഥാനാർഥി വത്സല കുമാരി 106 വോട്ടും നേടി. വിദേശത്ത് ജോലിക്ക് പോയ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ശ്രീരേഖ നായരെ അയോഗ്യയാക്കിയതാണ് മല്ലപ്പുഴശ്ശേരിയിൽ ഉപതെരഞ്ഞെടുപ്പിന് കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.