കോഴഞ്ചേരി: വാഴക്കുന്നത്ത് പമ്പാനദിക്ക് കുറുകെയുള്ള പാലത്തിൽ സുഹൃത്തുക്കളായ പെൺകുട്ടികൾക്കൊപ്പം സംസാരിച്ചുനിന്ന മൂന്ന് ആൺകുട്ടികൾ സദാചാര ഗുണ്ട ആക്രമണത്തിന് വിധേയമായ സംഭവത്തിൽ അറസ്റ്റിലായ മഹിള മോർച്ച നേതാവായ സ്ത്രീ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ നിസ്സാര വകുപ്പ് ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽവിട്ട് ആറന്മുള പൊലീസ്. സംഭവത്തിൽ കോൺഗ്രസ്-ഇടത് വിദ്യാർഥി യുവജന സംഘടനകൾ വൻ പ്രതിഷേധത്തിന് തയാറെടുക്കുകയാണ്. പ്രതികളായ അയിരൂർ കൈതക്കോടി പുതിയകാവ് കീമഠത്തിൽ വീട്ടിൽ സുജിത്കുമാർ (43), ഇയാളുടെ ഭാര്യയും മഹിള മോർച്ച അയിരൂർ മണ്ഡലം സെക്രട്ടറിയുമായ അനുപമ സുജിത് (37), സഹോദരൻ അനു പി. ചന്ദ്രൻ (43) എന്നിവരെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു. വിദ്യാർഥികളെ പമ്പാനദിയിലേക്ക് തലകീഴായി കാലിൽ തൂക്കിപ്പിടിച്ച് തള്ളിയിടാൻ ശ്രമിക്കുകയും തലക്കടിക്കുകയും തുടങ്ങി ക്രൂരമായ മർദനത്തിന് ഇരയാക്കിയിട്ടും വധശ്രമം ഉൾപ്പെടെ വകുപ്പുകളിൽനിന്ന് ഒഴിവാക്കുകയായിരുന്നു. ബി.ജെ.പി സ്വാധീനത്തിൽ പ്രതികളെ രക്ഷിക്കാനാണ് പൊലീസിെൻറ ശ്രമമെന്ന് വിദ്യാർഥികളുടെ രക്ഷിതാക്കൾ ആരോപിച്ചു. മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി അയക്കുമെന്നും ഇവർ പറഞ്ഞു.
കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ വിദ്യാർഥികളായ വിഷ്ണു, സൽമാൻ, ആദർശ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ കോഴഞ്ചേരി ജില്ല ആശുപത്രിയിൽ ചികിത്സതേടി. ചെറുകോൽ പഞ്ചായത്തിലെ വാഴക്കുന്നം അക്വഡറ്റ് പാലത്തിൽ ബുധനാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് നടന്ന സംഭവം വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ നവമാധ്യമങ്ങൾ വഴി വിദ്യാർഥികൾ തന്നെയാണ് പുറത്തുവിട്ടത്. ഇതിനിടെ സംഭവം നടന്ന സമയവും സ്ഥലവും ദിവസവും എഫ്.ഐ.ആറിൽ തിരുത്തിയതായും ആരോപണം ഉയരുന്നുണ്ട്.
കുട്ടികളെ മർദിച്ച് സംഘടനക്ക് നാണക്കേടുണ്ടാക്കിയ മഹിള മോർച്ച അയിരൂർ മണ്ഡലം സെക്രട്ടറി അനുപമയെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകരായ സ്ത്രീകൾ സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങൾക്ക് പരാതി അയച്ചു. ഇതിനിടെ സുജിത്കുമാറും ഭാര്യയും വിദ്യാർഥികൾക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.